✨✨✨✨✨✨✨✨✨
സർക്കാർ ഹയർസെക്കണ്ടറി മേഖല – നിരന്തര ദ്രോഹത്തിന്റെയും അവഗണനയുടെയും വർത്തമാനം
പ്രിയരെ,
കേരളത്തിലെ തൊഴിൽ സുരക്ഷിതത്വം നിലയ്ക്കുന്ന മേഖലയായി സർക്കാർ ഹയർസെക്കണ്ടറി മേഖല മാറുന്നു. 110 ഇംഗ്ലീഷ് ജൂനിയർ അധ്യാപക തസ്തികകൾ ഇല്ലാതായതിനു പുറമെ, 46 മലയാളം , 2 ഹിന്ദി ജൂനിയർ തസ്തികൾ കൂടി നഷ്ടമായിരിക്കുന്നു. മലയാളത്തിൽ 16 സീനിയർ തസ്തികകൾ തരം താഴ്ത്തപ്പെട്ടു. ഇംഗ്ലീഷ് വിഷയത്തിൽ 68 അധ്യാപകരെ പുറത്താക്കുന്ന , സമാനതകളില്ലാത്ത ഗുരുതരവും ഹീനവുമായ നടപടി നമ്മൾ കണ്ടു. നിരുപദ്രവമെന്നു പുറമെ തോന്നാവുന്ന ഒരു സ്പെഷ്യൽ റൂൾ ഭേദഗതിയിലൂടെയാണ് മുന്നൂറിലധികം അധ്യാപക തസ്തികകൾ ഈ മേഖലയിൽ ഇല്ലാതായത്. നിലവിൽ ജോലി ചെയ്യുന്ന പലർക്കും തസ്തിക നഷ്ടം സംഭവിച്ചു. പിരിച്ചു വിടപ്പെട്ട അധ്യാപകരെ, ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി താല്ക്കാലികാശ്വാസമെന്ന നിലയിൽ സൂപ്പർ ന്യൂമററിയായി നിലനിർത്തിയിരിക്കുന്നു. രണ്ടു മാസത്തെ സർവീസ് നഷ്ടവും ആനുകൂല്യങ്ങളും പുറത്താക്കപ്പെട്ട അധ്യാപകർക്കു വന്നിരിക്കുന്നു. ഇത് പരിഹരിക്കപ്പെടണം. നഷ്ടപ്പെട്ട തസ്തികകൾ അങ്ങനെ തന്നെ തുടരുമെന്നിരിക്കെ ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും പി എസ് സി നിയമനമടക്കം നടക്കാത്ത അവസ്ഥ കൂടി നമ്മുടെ മേഖലയിൽ വന്നിരിക്കുന്നു. അധ്യാപന ജോലി പ്രതീക്ഷിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് കാത്തിരിക്കുന്നവരുടെ സ്വപ്നത്തിനു മേൽ കരിനിഴൽ വീഴുന്നു. അടുത്ത ദിവസങ്ങളിലായി കാലഹരണപ്പെടുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കും പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്കും സർക്കാർ ഹയർസെക്കണ്ടറി ജോലി എന്നത് കിട്ടാക്കനിയാവുന്ന തരത്തിലേക്ക് തസ്തികനഷ്ടം വളർന്നു വരുന്നു. ഇത് എല്ലാ വിഷയങ്ങളിലേക്കും ക്രമേണ കടന്നുവരികയാണ്.
വടക്കൻ ജില്ലകളിലേക്ക് 36 ഹയർ സെക്കണ്ടറി ബാച്ചുകൾ മാറ്റിയപ്പോൾ 12 വീതം ബോട്ടണി , സുവോളജി സീനിയർ തസ്തികകൾ നഷ്ടമായിക്കഴിഞ്ഞു. ഓരോ ബാച്ചിലും ശരാശരി ഏഴ് അധ്യാപകരെന്ന കണക്കിൽ മറ്റു വിഷയങ്ങളിലും സമാനമായ രീതിയിൽ തസ്തിക നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ വടക്കൻ ജില്ലകളിലേക്ക് മാറ്റിയ ബാച്ചുകളിൽ നാലുവർഷം പരമാവധി വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടു പോലും പകരം തസ്തികകൾ ക്രമീകരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. പലയിടത്തും ജൂനിയർ അധ്യാപകർ സീനിയർ അധ്യാപകരുടെ ജോലിഭാരം പേറേണ്ടി വരുന്നു. മിക്കയിടങ്ങളിലും താല്ക്കാലിക അധ്യാപകരെ വച്ച് അധ്യയനം നടത്തേണ്ട അവസ്ഥയുമുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് സർക്കാർ മുന്നോട്ടു പോവുമ്പോൾ , നിശ്ശബ്ദരായിരിക്കാൻ നമുക്ക് എന്തവകാശം ?
മലയാളം, അറബിക്, ഹിന്ദി തുടങ്ങിയ ഉപഭാഷകളുടെ കാര്യം അതീവ ദുഷ്ക്കരമായിരിക്കുന്നു. ഇതര വിഷയങ്ങളിൽ നിന്നു വ്യത്യസ്തമായി ഉപഭാഷയുടെ ബാച്ച് നിർണയത്തിന് 60 കുട്ടികൾ വേണമെന്ന മാനദണ്ഡം മുമ്പേ നിലനിൽക്കുന്ന വലിയ അനീതിയാണ്. ഇതിനു പുറമെ മാർജിനൽ ഇൻക്രിസ് വഴി പ്ലസ് വൺ പ്രവേശനം നേടുന്ന കുട്ടികളെ തസ്തിക നിർണ്ണയത്തിന് പരിഗണിക്കാത്ത ക്രൂരമായ നടപടി അധ്യാപക തസ്തിക നിർണയത്തിൽ കൂനിൽമേൽ കുരുവായി മാറിയിരിക്കുന്നു. ഇതു പ്രകാരം മലബാർ മേഖലയിൽ 10 ബാച്ചുള്ള ഒരു സ്കൂളിൽ ഒന്നും രണ്ടും വർഷ ക്ലാസ്സുകളിലായി മാർജിനൽ ഇൻക്രീസ് വഴി പ്രവേശനം നേടിയ 300 കുട്ടികൾ ഉപഭാഷാ തസ്തിക നിർണയത്തിനായി പരിഗണിക്കപ്പെടുന്നില്ലെന്ന വിരോധാഭാസം പുനഃപരിശോധിച്ചേ തീരൂ. ആവശ്യത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ തസ്തികകൾ സാങ്കേതികത്വത്തിന്റെ പേരിൽ നഷ്ടമാവുന്നു . പി എസ് സി നിയമനം സ്തംഭിക്കുന്നു , നിലവിലുള്ള ജോലി നഷ്ടമാവുന്നു , സ്ഥാനക്കയറ്റം സ്തംഭിക്കുന്നു എന്നിങ്ങനെ ഗുരുതരമായ സ്ഥിതിവിശേഷം സർക്കാർ ഹയർ സെക്കണ്ടറി ഉപഭാഷാ പഠന മേഖലയിൽ നിലനിൽക്കുന്നു. എയ്ഡഡ് മേഖലയിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാതെ തസ്തികകൾ സംരക്ഷിക്കപെടുമ്പോൾ സർക്കാർ മേഖലയിൽ തസ്തികകൾ വച്ച് നടത്തുന്ന ഈ ചൂതാട്ടത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി
എച്ച് എസ് എസ് ടി എ മുന്നോട്ടു വരികയാണ്.
ഹയർ സെക്കണ്ടറി മേഖലയിൽ സ്ഥലം മാറ്റം മുടങ്ങിക്കിടക്കുകയാണ്. പുതിയ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ച് അപേക്ഷ ക്ഷണിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തിൽ തുടരുന്ന മെല്ലെപ്പോക്ക് പ്രതിഷേധാർഹമാണ്. പ്രിൻസിപ്പൽമാരുടെ സ്ഥലം മാറ്റവും , ഹയർസെക്കണ്ടറി അധ്യാപകരുടെ പ്രിൻസിപ്പൽ സ്ഥാനക്കയറ്റവും ജൂനിയർ അധ്യാപകരുടെ സീനിയർ സ്ഥാനക്കയറ്റവും അനിശ്ചിതമായി നീളുന്നു. ഈ വിഷയങ്ങളിലെല്ലാം ഡയറക്ടറേറ്റിന്റെ കുറ്റകരമായ അനാസ്ഥയാണ് പ്രകടമാവുന്നത്.
പരീക്ഷാവിഭാഗത്തിന്റെ അധ്യാപക ദ്രോഹനടപടികൾ അനുസ്യൂതം തുടരുകയാണ്.
2020 ൽ നടന്ന ചോദ്യപേപ്പർ മോഷണത്തിൽ പ്രതികളെ പിടികൂടി ശിക്ഷിക്കുന്നതിനു പകരം പരീക്ഷാ ജോലി ചെയ്ത അധ്യാപകരെയും ജീവനക്കാരെയും പീഢിപ്പിക്കാനും , 38 ലക്ഷം രൂപയിലധികം വരുന്ന വലിയ നഷ്ടപരിഹാരം ക്ലാസ് ഫോർ ജീവനക്കാരനടക്കമുള്ള നാലു പേരിൽ നിന്നും ഈടാക്കാനുമാണ് ശ്രമം നടക്കുന്നത്. ചോദ്യപേപ്പർ സുരക്ഷ എസ് എസ് എൽ സി പരീക്ഷ രീതിയിൽ പരീക്ഷാ വിഭാഗം തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം പരിഗണിക്കാതെ പ്രിൻസിപ്പൽമാരെയും പരീക്ഷാ ചുമതലക്കാരെയും ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം .
പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചെറിയ കാര്യങ്ങൾക്കു പോലും തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഉഗ്രശാസനയും പിഴയും ഏറ്റുവാങ്ങണമെന്നുമുള്ള പഴയ ഫ്യൂഡൽ സമ്പ്രദായത്തിന്റെ നിഴലിൽ നിന്നും പരീക്ഷാവിഭാഗം ഇപ്പോഴും മുക്തമായിട്ടില്ല. ഈ നിലപാടും തിരുത്തപ്പെടണം.
അതേസമയം പരീക്ഷാ ജോലിയുടെയും മൂല്യനിർണയ ജോലികളുടെയും പ്രതിഫലം പരീക്ഷ കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ഹയർസെക്കണ്ടറി അധ്യാപകർക്ക് മാത്രം നൽകിയിട്ടില്ല. മാർച്ചിലെ പൊതുപരീക്ഷാ ഫലം വന്ന് സേ / ഇംപ്രൂവ്മെന്റ് പരീക്ഷയും മൂല്യനിർണയവും പൂർത്തിയായിട്ടും പ്രതിഫല കാര്യത്തിൽ നിഷേധാത്മക നിലപാട് തുടരുന്നു.
എസ് എസ് എൽ സി പരീക്ഷയ്ക്കും മൂല്യനിർണയത്തിനും വരമ്പത്ത് കൂലി നൽകുമ്പോൾ ഹയർ സെക്കണ്ടറിയുടെ കാര്യത്തിൽ മാത്രം കടന്നു വരുന്ന സാമ്പത്തിക പ്രയാസം ഒരു തരം പ്രത്യേക മാനസികാവസ്ഥയാണ്. ഇത് തിരുത്തണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
സർട്ടിഫിക്കറ്റ് വിതരണ കാര്യത്തിൽ പോലും പ്രിൻസിപ്പൽമാരെ നെട്ടോട്ടമോടിക്കുന്ന നടപടിയാണ് തുടരുന്നത്.
എസ് എസ് എൽ സി ഫലം പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിഞ്ഞും വിദ്യാർത്ഥികൾക്ക് സ്കോർ കാർഡ് ലഭ്യമാക്കാത്തത് പ്ലസ് വൺ പ്രവേശന സമയത്ത് പല വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ പ്രയാസം സൃഷ്ടിച്ചു. എസ് എസ് എൽ സി ഫലപ്രഖ്യാപനം കഴിയുന്നതോടെ വകുപ്പിന്റെ ഉത്തരവാദിത്തം അവസാനിച്ചു എന്ന രീതിയിലുള്ള സമീപനം അവസാനിപ്പിക്കണം.
ഹയർ സെക്കണ്ടറി മേഖലയിലെ സേവന- വേതന വ്യവസ്ഥകളെയും അക്കാദമിക നിലവാരത്തെയും തകർക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കളയുക , ഏഴുവർഷമായി മരവിപ്പിച്ചിരിക്കുന്ന ജൂനിയർ അധ്യാപകരുടെ അഞ്ചുവർഷത്തെ സമയബന്ധിത സ്ഥാനക്കയറ്റത്തിൽ ഉത്തരവിറക്കുക , പ്രിൻസിപ്പൽ നിയമനത്തിലെ എച്ച് എം ക്വോട്ട അവസാനിപ്പിച്ച് ജൂനിയർ അധ്യാപകർക്ക് ക്വോട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാറിനു മുന്നിൽ സംഘടന നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരം അകലെയാണ്.
രൂക്ഷമായ വിലക്കയറ്റവും അമിത നികുതി ഭാരവും വിർപ്പുമുട്ടിക്കുമ്പോഴും മൂന്നുവർഷമായി ആറ് ഗഡു ക്ഷാമബത്ത കുടിശ്ശികയായി മാറ്റിയിരിക്കുന്നു . ചരിത്രത്തിലില്ലാത്ത ഈ നടപടി മൂലം ഓരോ മാസവും പതിനായിരം രൂപയ്ക്കു മുകളിൽ ശമ്പളനഷ്ടം അധ്യാപകർക്കു സംഭവിക്കുന്നുണ്ട്. ലീവ് സറണ്ടർ മരവിപ്പിച്ചിരിക്കുന്നു. ശമ്പളപരിഷ്കരണ കുടിശ്ശിക തടഞ്ഞു വച്ചിരിക്കുന്നു. എച്ച് ബി എ ആനുകൂല്യം ബാങ്കുകൾക്ക് തീറെഴുതി. സർവീസ് വെയ്റ്റേജ് , സി സി എ എന്നിവ എടുത്തുകളഞ്ഞു. മെഡിസെപ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകാതെ പ്രീമിയം വർധിപ്പിക്കാൻ ശ്രമം നടക്കുന്നു. മതിയായ ചികിത്സാ സഹായം നൽകാതെയും കൂടുതൽ സ്പെഷ്യലിസ്റ്റ് ആശുപത്രികൾ ഉൾപ്പെടുത്താതെയും വെറും നോക്കുകുത്തി സംവിധാനമായി മെഡിസെപ്പിനെ മാറ്റുന്ന നയവും അംഗീകരിക്കാനാവില്ല.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ആ വാഗ്ദാനം വിഴുങ്ങിയിരിക്കുന്നു. മാത്രമല്ല കൂടുതൽ ആനുകൂല്യങ്ങൾ ഇല്ലാതാക്കിയും കൂടുതൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചുമുള്ള നടപടികൾ തുടരുന്നു. പുന:പരിശോധന കമ്മറ്റി റിപ്പോർട്ട് പോലും പുറത്തുവിടാതെ ജീവനക്കാരെ കബളിപ്പിക്കുന്നവർക്കു മുമ്പിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച സംസ്ഥാനങ്ങൾ വലിയ തലവേദനയായി ഉയർന്നു വന്നിരിക്കുന്നു. ഇനിയും ജീവനക്കാരെ പറഞ്ഞു പറ്റിക്കാതെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുന: സ്ഥാപിക്കാൻ സർക്കാർ തയ്യാറാവേണ്ടതുണ്ട്.
ഇത്തരത്തിൽ സർക്കാർ ഹയർസെക്കണ്ടറി അധ്യാപകരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരമാവശ്യപ്പെട്ട് എച്ച് എസ് എസ് ടി എ പ്രക്ഷോഭപാതയിലേയ്ക്ക് നീങ്ങുകയാണ്. ആദ്യഘട്ടമായി ജൂലൈ 22 ശനിയാഴ്ച കാലത്ത് 10 മണിയ്ക്ക് ഹയർസെക്കണ്ടറി ഡയറക്ടറേറ്റിലേക്ക് അധ്യാപകരുടെ മാർച്ചും തുടർന്ന് ഡയറക്ടറേറ്റിനു മുന്നിൽ കൂട്ടധർണ്ണയും നടക്കുകയാണ്.
സർക്കാർ ഹയർ സെക്കണ്ടറി മേഖലയുടെ ഉറച്ച ശബ്ദമായ സംഘടനയുടെ പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ മുഴുവൻ അധ്യാപക സുഹൃത്തുക്കളുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്.
അഭിവാദനങ്ങളോടെ
പി രാധാകൃഷ്ണൻ
സംസ്ഥാന പ്രസിഡന്റ്
അനിൽ എം ജോർജ്ജ്
സംസ്ഥാന ജനറൽ സെക്രട്ടറി
ഡോ. എസ് എൻ മഹേഷ് ബാബു
സംസ്ഥാന ട്രഷറർ
ഡിപ്പാർട്ടുമെന്റൽ ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
സംസ്ഥാന കമ്മറ്റി
✨✨✨✨✨✨✨✨✨