ഖാദർ കമ്മിറ്റി റിപ്പോർട്ട് കെ.എസ്.ടി.എ റിപ്പോർട്ടിന്റെ തനിപ്പകർപ്പ്..
രണ്ടും തയാറാക്കിയത് ഒരേസംഘം..
മികവിനായുള്ള വിദ്യാഭ്യാസം എന്ന പേരിൽ തയാറാക്കിയ ഖാദർ കമ്മിറ്റി റിപ്പോർട്ട്, ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി എയുടെ റിപ്പോർട്ടിന്റെ തനിപ്പകർപ്പ്. രണ്ടു റിപ്പോർട്ടും തയ്യാറാക്കിയത് ഒരേസംഘം.
ഹയർസെക്കൻഡറി – ഹൈസ്‌കൂൾ ലയനം, അധ്യാപക സംഘടനാ റഫറണ്ടം, സ്‌കൂൾ സമയമാറ്റം തുടങ്ങിയ നിർദേശങ്ങളെല്ലാം കെ.എസ്.ടി.എ റിപ്പോർട്ടിലുണ്ട്. 2017 ഒക്ടോബറിലാണ് പ്രൊഫ. എം.എ ഖാദർ, ഡോ. സി. രാമകൃഷ്ണൻ, ജ്യോതിചൂഢൻ എന്നിവർ അംഗങ്ങളായ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഘടനാപരവും അക്കാദമികവുമായ മേഖലകളിലെ മാറ്റങ്ങൾ നിർദേശിക്കാനായിരുന്നു നിർദേശം. കെ.എസ്.ടി.എക്ക് വേണ്ടി റിപ്പോർട്ട് തയാറാക്കിയ സമിതിയിലെ അംഗങ്ങളാണ് എം.എ ഖാദറും സി. രാമകൃഷ്ണനും. ഹയർസെക്കൻഡറി – സെക്കൻഡറി ലയനമായിരുന്നു കെ എസ് ടി എ റിപ്പോർട്ടിലെ പ്രധാന നിർദേശം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ എട്ടാം തരം വരെയുള്ള വിദ്യാഭ്യാസമേ വരൂവെന്ന് മനസിലാക്കിയാണ് ഖാദർ കമ്മിറ്റിയുടെ പരിഗണനാ വിഷയം ഒരുവർഷം കഴിഞ്ഞ് പുതുക്കിയത്. ഹയർ സെക്കൻഡറിയെ ഖാദർ കമ്മിറ്റിയുടെ പരിധിയിലേക്ക് കൊണ്ടുവരാനായിരുന്നു ഇത്.
1990 ന് ശേഷം ഹയർസെക്കൻഡറി മേഖല ശക്തിപ്പെട്ടപ്പോൾ ആ വിഭാഗം കേന്ദ്രീകരിച്ച് ഏതാനും അധ്യാപക സംഘടനകൾ രൂപവൽക്കരിക്കപ്പെട്ടതാണ് കെ എസ് ടി എ യെ അലോസരപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ അധ്യാപക സംഘടനാരംഗത്ത് റഫറണ്ടം വേണമെന്നും 1 മുതൽ 12 വരെ ക്ലാസുകളിലെ അധ്യാപകരിൽ 20 ശത മാനത്തിന്റെ എങ്കിലും പിന്തുണ ഉണ്ടെങ്കിലേ അംഗീകാരം നിലനിർത്താനാവൂവെന്നതുമാണ് റഫറണ്ടത്തിന്റെ പ്രത്യേകത. കോൺഗ്രസ്, മുസ്ലിംലീഗ് പാർട്ടികളുമായി അനുഭാവം പുലർത്തുന്ന അധ്യാപക സംഘടനകൾ ഹയർ സെക്കൻഡറി മേഖലക്കായി പ്രത്യേകം സംഘടന ഉണ്ടാക്കിയപ്പോൾ കെ എസ് ടി എ ഒന്ന് മുതൽ പന്ത്രണ്ട് വരെ ഒറ്റ സംഘടന മതിയെന്നതിൽ ശഠിച്ചു. ഇതിനനുസരിച്ച നിർദേശങ്ങളാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ഇടം പിടിച്ചത്.
സ്‌കൂൾ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ ഒരു മണി വരെ ആക്കണമെന്നും രണ്ടു മുതൽ നാലു വരെ സമയവും ശനിയാഴ്ചയും അനുബന്ധ പ്രവർത്തനത്തിനായി നീക്കിവയ്ക്കുണമെന്നും ഖാദർ കമ്മിറ്റി നിർദേശിക്കുന്നു. 10,11,12 ക്ലാസുകളിലെ പൊതുപരീക്ഷകൾ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നും നിർദേശിക്കുന്നു. ദിവസം രണ്ടു പരീക്ഷകൾ നടത്താനും മൂന്നു ക്ലാസുകളിലെയും വിദ്യാർഥികളെ ഇടകലർത്തി ഇരുത്തി പരീക്ഷ നടത്താനും നിർദേശമുണ്ട്.
ഹയർസെക്കൻഡറിയുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകീട്ട് 4.40 വരെയാണെന്ന തെറ്റായ വിവരവും ഈ റിപ്പോർട്ടിലുണ്ട്. രാവിലെ ഒമ്പതിനാണ് ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നത്. വൊക്കേഷനൽ ഹയർസെക്കൻഡറിക്ക് ഇപ്പോൾ ശനി പ്രവൃത്തിദിവസമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Related videos..
DOWNLOADS
