HSS PLUS

If higher secondary exams are held in the morning, the declaration of results will be delayed and higher studies will be affected – Minister V Sivankutty

ഹയർസെക്കൻഡറി പരീക്ഷ രാവിലെയാക്കിയാൽ ഫലപ്രഖ്യാപനം നീളും, ഉപരിപഠനത്തെ ബാധിക്കും-മന്ത്രി V ശിവന്‍കുട്ടി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്‌തീൻ ഉന്നയിച്ച സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഹയർ സെക്കൻഡറി പരീക്ഷാ സമയക്രമം രാവിലെയിലേക്ക് മാറ്റുന്നത് മാർച്ചിൽ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ചിലെ ചൂടുകാലാവസ്ഥയും റംസാൻ വ്രതവും പരിഗണിച്ച് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാലാണ് ഹയർ സെക്കൻഡറി പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചത്. ഉച്ചക്ക് 1.30-ന് പരീക്ഷ ആരംഭിച്ച് 4.15-ന് അവസാനിക്കുന്ന ക്രമത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രണ്ട് വെള്ളിയാഴ്ച‌കളിലുള്ള ഹയർ സെക്കൻഡറി പരീക്ഷകൾ രണ്ടുമണിക്കാരംഭിച്ച് 4.45-ന് അവസാനിക്കും. പൊതുപരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തുന്നതിനാൽ പരീക്ഷകൾ രാവിലത്തെ സമയക്രമത്തിലേക്ക് മാറ്റുന്നത് മാർച്ചിൽ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകുകയും വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും. ആയതിനാൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം നിലവിൽ പരിഗണിക്കാൻ നിർവാഹമില്ലെന്ന് മന്ത്രി പറഞ്ഞു.

ഈ വർഷംമുതൽ രണ്ടാംവർഷം പഠിക്കുന്ന വിദ്യാർഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്കൊപ്പം നടത്തുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താൻ ആകെ 18 ദിവസങ്ങൾ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി പരീക്ഷ നടത്തുന്നത് ഇരുപത്താറായിരത്തോളം അധ്യാപകരെയും നാലര ലക്ഷത്തോളം വിദ്യാർഥികളെയുമാണ് ബാധിക്കുന്നതെങ്കിൽ എസ്.എസ്.എൽ.സി, സ്കൂ‌ൾ പരീക്ഷകൾ നടത്തുന്നതിന് 36 ലക്ഷത്തോളം വിദ്യാർഥികളെയും ഒന്നരലക്ഷത്തോളം അധ്യാപകരെയുമാണ് ബാധിക്കുന്നത്.

Exit mobile version