തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഹാൻഡ്ബുക്ക് ഫോർ പ്രിസൈഡിംഗ് ഓഫീസർ 2023’ പ്രകാരം, യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ട മോക്ക് പോൾ (Mock Poll) നടപടിക്രമങ്ങൾ
മോക്ക് പോൾ നടപടിക്രമങ്ങൾ
യഥാർത്ഥ വോട്ടെടുപ്പിന് മുമ്പ് വോട്ടിംഗ് യന്ത്രങ്ങൾ (EVM), വിവിപാറ്റ് (VVPAT) എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് മോക്ക് പോൾ നടത്തുന്നത്.
സമയക്രമം
യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 90 മിനിറ്റ് മുമ്പ് മോക്ക് പോൾ ആരംഭിക്കേണ്ടതാണ്. (05.30 AM)
പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം
- കുറഞ്ഞത് രണ്ട് സ്ഥാനാർത്ഥികളുടെയെങ്കിലും പോളിംഗ് ഏജന്റുമാർ മോക്ക് പോൾ സമയത്ത് ഹാജരായിരിക്കണം.
- ഏജന്റുമാർ എത്തിയിട്ടില്ലെങ്കിൽ 15 മിനിറ്റ് കൂടി കാത്തിരിക്കാം. അതിനുശേഷവും ആരും വന്നില്ലെങ്കിൽ അല്ലെങ്കിൽ ഒരു ഏജന്റ് മാത്രമാണ് ഉള്ളതെങ്കിലും പ്രിസൈഡിംഗ് ഓഫീസർക്ക് മോക്ക് പോൾ നടപടികളുമായി മുന്നോട്ട് പോകാം. ഈ വിവരം മോക്ക് പോൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം.
സജ്ജീകരണങ്ങൾ
- ബാലറ്റ് യൂണിറ്റും (BU) വിവിപാറ്റും (VVPAT) വോട്ടിംഗ് കമ്പാർട്ട്മെന്റിലും, കൺട്രോൾ യൂണിറ്റ് (CU) പ്രിസൈഡിംഗ് ഓഫീസറുടെയോ മൂന്നാം പോളിംഗ് ഓഫീസറുടെയോ മേശപ്പുറത്തും വെക്കണം.
- യന്ത്രങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ച ശേഷം കൺട്രോൾ യൂണിറ്റിലെ ‘Power’ സ്വിച്ച് ‘ON’ ചെയ്യുക.
വോട്ടിങ്ങ് യന്ത്രത്തിൽ വോട്ടുകൾ രേഖപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തൽ
- വോട്ടിംഗ് യന്ത്രത്തിൽ നേരത്തെ വോട്ടുകൾ ഒന്നുമില്ലെന്ന് ഏജന്റുമാരെ ബോധ്യപ്പെടുത്തണം.
- ഇതിനായി കൺട്രോൾ യൂണിറ്റിലെ ‘Result’ ബട്ടൺ അമർത്തി വോട്ടുകൾ ‘0’ ആണെന്ന് കാണിക്കണം. ശേഷം ‘Clear’ ബട്ടൺ അമർത്തി ഡാറ്റ പൂർണ്ണമായും നീക്കം ചെയ്യണം.
- വിവിപാറ്റിലെ ഡ്രോപ്പ് ബോക്സ് ശൂന്യമാണെന്ന് ഏജന്റുമാരെ കാണിച്ച് ഉറപ്പുവരുത്തണം
വോട്ട് രേഖപ്പെടുത്തൽ
- ഓരോ സ്ഥാനാർത്ഥിക്കും (നോട്ട – NOTA ഉൾപ്പെടെ) കുറഞ്ഞത് ഒരു വോട്ട് വീതം ലഭിക്കുന്ന രീതിയിൽ ആകെ 50 വോട്ടുകളെങ്കിലും മോക്ക് പോളിൽ രേഖപ്പെടുത്തണം.
- ഹാജരുള്ള ഏജന്റുമാരെക്കൊണ്ട് തന്നെ വോട്ട് ചെയ്യിക്കാവുന്നതാണ്.
ഫലം പരിശോധിക്കൽ
- വോട്ടിംഗ് അവസാനിച്ചാൽ കൺട്രോൾ യൂണിറ്റിലെ ‘Result’ ബട്ടൺ അമർത്തി ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ ഏജന്റുമാരെ കാണിക്കണം.
- വിവിപാറ്റ് ഡ്രോപ്പ് ബോക്സിൽ നിന്ന് പേപ്പർ സ്ലിപ്പുകൾ പുറത്തെടുത്ത് കൺട്രോൾ യൂണിറ്റിലെ ഫലവുമായി ഒത്തുനോക്കി കൃത്യത ഉറപ്പുവരുത്തണം.
ഡാറ്റ നീക്കം ചെയ്യലും വിവിപാറ്റ് സ്ലിപ്പുകൾ സീൽ ചെയ്യലും
- ഫലം പരിശോധിച്ച ശേഷം കൺട്രോൾ യൂണിറ്റിലെ ‘Clear’ ബട്ടൺ നിർബന്ധമായും അമർത്തി മോക്ക് പോൾ വോട്ടുകൾ നീക്കം ചെയ്യണം. ഇതോടെ കൺട്രോൾ യൂണിറ്റിലെ ഡിസ്പ്ലേ ‘0’ കാണിക്കും.
- വിവിപാറ്റിൽ നിന്ന് എടുത്ത മോക്ക് പോൾ സ്ലിപ്പുകളുടെ പിന്നിൽ ‘Mock Poll Slip’ എന്ന് സ്റ്റാമ്പ് ചെയ്യണം.
- ഈ സ്ലിപ്പുകൾ കറുത്ത നിറത്തിലുള്ള കവറിലാക്കി സീൽ ചെയ്യണം. കവറിന് പുറത്ത് പോളിംഗ് സ്റ്റേഷന്റെ വിവരങ്ങളും ‘VVPAT paper slips of Mock Poll’ എന്നും രേഖപ്പെടുത്തണം.
- ഈ കവർ പിങ്ക് പേപ്പർ സീൽ (Pink Paper Seal) ഉപയോഗിച്ച് സുരക്ഷിതമാക്കുകയും പ്രിസൈഡിംഗ് ഓഫീസറും ഏജന്റുമാരും ഒപ്പിടുകയും വേണം.
യന്ത്രങ്ങൾ സീൽ ചെയ്യൽ
- വിവിപാറ്റ് ഡ്രോപ്പ് ബോക്സ് ശൂന്യമാണെന്ന് ഉറപ്പുവരുത്തി അഡ്രസ് ടാഗ് ഉപയോഗിച്ച് സീൽ ചെയ്യണം.
- കൺട്രോൾ യൂണിറ്റിലെ റിസൾട്ട് സെക്ഷൻ ഗ്രീൻ പേപ്പർ സീൽ (Green Paper Seal), സ്പെഷ്യൽ ടാഗ്, അഡ്രസ് ടാഗ് എന്നിവ ഉപയോഗിച്ച് സീൽ ചെയ്യണം.
മോക്ക് പോൾ സർട്ടിഫിക്കറ്റ്
- മുകളിൽ പറഞ്ഞ എല്ലാ നടപടികളും കൃത്യമായി പാലിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ‘മോക്ക് പോൾ സർട്ടിഫിക്കറ്റ്’ (Presiding Officer’s Report Part-I) പ്രിസൈഡിംഗ് ഓഫീസർ തയ്യാറാക്കുകയും ഏജന്റുമാരുടെ ഒപ്പ് വാങ്ങുകയും വേണം.
ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ നിശ്ചയിച്ച സമയത്ത് യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കാൻ പാടുള്ളൂ.
MOCK POLL PROCEDURE
