HSS PLUS

പൊതുവിദ്യാഭ്യാസ ഏകീകരണം – എച്ച് എസ് എസ് ടി എ തുറന്ന സംവാദം നടത്തി

കോഴിക്കോട് : പൊതുവിദ്യാഭ്യാസ ഏകീകരണം സർക്കാറിൻ്റെ രാഷ്ട്രീയ-സാമ്പത്തിക അജണ്ട – എച്ച് എസ് എസ് ടി എ

പൊതു വിദ്യാഭ്യാസ ഏകീകരണമെന്നത് ഇടതു സർക്കാറിൻ്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അജണ്ട മാത്രമാണെന്നും അക്കാദമികമായ യാതൊരു പരിഷ്കാരവും കൊണ്ടുവരാത്ത ഏകീകരണം ആത്മഹത്യാപരമാണെന്നും എച്ച് എസ് എസ് ടി എ സെമിനാർ അഭിപ്രായപ്പെട്ടു .

കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം നിർദ്ദേശിക്കുന്ന ഖാദർ കമ്മറ്റി രണ്ടാംഘട്ട റിപ്പോർട്ട് പൂഴ്ത്തി വച്ച് അതിനനുസൃതമായി സ്പെഷ്യൽ റൂളുകൾ രൂപപ്പെടുത്താനുള്ള ജനാധിപത്യ വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മുൻ എം എൽ എയും പ്രഭാഷകനുമായ കെ എൻ എ ഖാദർ പറഞ്ഞു.

ഉയർന്ന നിലവാരത്തിൽ മുന്നോട്ടു പോവുന്ന ഹയർ സെക്കണ്ടറി സംവിധാനത്തെ ഇല്ലായ്മ ചെയ്യാനുള്ള ആത്മഹത്യാപരമായ തുഗ്ലക്കിയൻ പരിഷ്കാരത്തെ പൊതു സമൂഹം ജാഗ്രതയോടെ സമീപിച്ച് തിരുത്തിക്കേണ്ടതുണ്ടെന്ന് എൻ എസ് യു ദേശീയ പ്രസിഡൻ്റ് കെ എം അഭിജിത് അഭിപ്രായപ്പെട്ടു .

ജനാധിപത്യ ചർച്ചകളോ ശാസ്ത്രീയ പഠനമോ ഇല്ലാതെ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ദേശീയ വിദ്യാഭ്യാസനയവും കേരള സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ ഏകീകരണവും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നും, പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയിലേക്ക് നയിക്കുന്ന അനാവശ്യ പരിഷ്കാരങ്ങളിൽ നിന്ന് സർക്കാർ മാറി നിൽക്കേണ്ട സാഹചര്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

പൊതു സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽപ്പെട്ട വിദഗ്ദരെ പങ്കെടുപ്പിച്ച് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംവാദശൃംഖലയുടെ ഭാഗമായാണ് കോഴിക്കോട് വിദ്യാഭ്യാസ സെമിനാർ നടന്നത്.

കെ പി കേശവമേനോൻ ഹാളിൽ നടന്ന തുറന്ന സംവാദത്തിൽ എസ് സി ഇ ആർ ടി മുൻ റിസർച്ച് ഓഫീസറും വിദ്യാഭ്യാസ വിദഗ്ദനുമായ കെ വി മനോജ്, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ എ കെ അബ്ദുൾ ഹക്കീം സി എസ് ഐ കോർപ്പറേറ്റ് മാനേജ്മെൻ്റ് പ്രതിനിധി സന്തോഷ് കുമാർ എ പി, മാധ്യമപ്രവർത്തകരായ
ഡോ എം കെ സന്തോഷ്കുമാർ (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ), കെ എ സൈഫുദ്ദീൻ (ചീഫ് കറസ്പോണ്ടൻ്റ് മാധ്യമം ) , വി എസ് രഞ്ജിത് (സീനിയർ ന്യൂസ് എഡിറ്റർ , റിപ്പോർട്ടർ ടി വി), എച്ച് എസ് എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കെ വെങ്കിട മൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം ജോർജ് , കെ എ എച്ച് എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ശ്രീജേഷ് കുമാർ , ടി അശോക് കുമാർ ( കെ പി എസ് ടി എ ) എച്ച് എസ് എസ് ടി എ സംസ്ഥാന ട്രഷറർ റിയാസ് എം, വൈസ് പ്രസിഡൻ്റ് ടി എസ് ഡാനിഷ് , സംസ്ഥാന കൗൺസിലർ കെ വി ഷിബു വി, കെ എസ് യു ജില്ലാ പ്രസിഡൻ്റ് സൂരജ് വി ടി എന്നിവർ സംവാദത്തിൽ പങ്കെടുത്തു .

എച്ച് എസ് എസ് ടി എ മുൻ സംസ്ഥാന പ്രസിഡൻ്റ് പി രാധാകൃഷ്ണൻ മോഡറേറ്ററായി.

ജില്ലാ പ്രസിഡൻ്റ് പി മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടറി ശ്രീനാഥ് സി, സംസ്ഥാന ഭാരവാഹികളായ അഫ്സൽ കെ എ, ഫൗസിയ പി കെ തുടങ്ങിയവർ നേതൃത്വം നൽകി.
🔅🔅🔅🔅🔅🔅🔅🔅🔅🔅

https://hssplus.com/wp-content/uploads/2024/03/vid-20240310-wa0034.mp4
Exit mobile version