ലോക് സഭാ പൊതുതിരഞ്ഞെടുപ്പ് 2024 പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ
തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സംവിധാനത്തിന്റെ അടിസ്ഥാന ശിലകളാണ് പോളിംഗ് സ്റ്റേഷനുകൾ. 2024-ലെ ലോക് സഭാ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടി ചുവടെ ചേർക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..
- വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണം.
- പോളിംഗ് സ്റ്റേഷനുകൾ കൂടുതലും സ്കൂളുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ കെട്ടിടങ്ങളുടെ ചുവരുകളിൽ ചിത്രങ്ങളും ഭൂപടങ്ങളും മറ്റും വരച്ച് ഇക്കാലത്ത് മനോഹരമാക്കിയിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചത് സംബന്ധിച്ചു പരാതികൾ ലഭിക്കുകയും പലതും നിയമ നടപടികളിലേക്കു നീങ്ങിയ സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട് ആയതിനാൽ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ചിത്രങ്ങൾ നശിപ്പിക്കുകയോ ചുവരുകളിൽ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തിൽ ആവണം പോളിംഗ് സ്റ്റേഷനുകളിൽ അറിയിപ്പുകൾ പതിക്കേണ്ടത്. പോളിംഗ് ബൂത്തുകളിലെ ഫർണിച്ചറുകൾ ഒരുതരത്തിലും നശിപ്പിക്കുവാൻ പാടില്ല. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകൾ അടച്ചുവെന്നും ചുവരുകളിൽ പതിച്ച അറിയിപ്പുകൾ നീക്കം ചെയ്തുവെന്നും ഉറപ്പാക്കേണ്ടതാണ്.
- പോളിംഗ് സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നീക്കം ചെയ്തുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പാക്കേണ്ടതാണ്.
- ഓരോ പോളിംഗ് ലൊക്കേഷനിലും പുരുഷന്മാർക്കും സ്ത്രീകൾക്കും മതിയായ എണ്ണം പ്രത്യേക ശൗചാലയങ്ങൾ ഉണ്ടായിരിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ലഭ്യമല്ലെങ്കിൽ താൽക്കാലിക ക്രമീകരണം നടത്താം. മുൻ കാലങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ശൗചാലയങ്ങളിലും മറ്റും പോകുമ്പോൾ സംഭവിച്ചിട്ടുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. ശൗചാലയങ്ങളുടെ പരിസരം കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ടതും ആവശ്യത്തിന് പ്രകാശ സംവിധാനം ഒരുക്കേണ്ടതുമാണ്. മാത്രമല്ല മുകളിലത്തെ നിലയിലാണ് ശൗചാലയമെങ്കിൽ പടിക്കെട്ടിന് കൈവരിയുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം താത്ക്കാലികമായി കൈവരി സ്ഥാപിക്കേണ്ടതാണ്.
- നാലിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പോളിംഗ് ലോക്കേഷനുകളിൽ, വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായി ക്രെഷിനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ആയയെ / സന്നദ്ധപ്രവർത്തകയെ നിയോഗിക്കുകയും വേണം.
- മുതിർന്ന സമ്മതിദായകർക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടർമാർക്കും ക്യൂവിൽ നിൽക്കാതെ പോളിംഗ് സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് മുൻഗണന ലഭിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പോളിംഗ് സ്റ്റേഷനിൽ ലഭ്യമാകുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസർമാർ ഉറപ്പാക്കണം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകണം. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിങ് സ്റ്റേഷനുകളിൽ താത്കാലിക റാംപുകൾ സ്ഥാപിക്കണം. ഭിന്നശേഷി വോട്ടർമാർക്ക് അവരുടെ വീൽ ചെയറുകൾ പോളിംഗ് സ്റ്റേഷനുകൾക്കുള്ളിൽ കൊണ്ടുപോകുവാൻ വേണ്ട സൗകര്യവും ഒരുക്കണം. ഭിന്നശേഷി വോട്ടർമാർക്ക് ആവശ്യമായ വീൽ ചെയറുകൾ പോളിംഗ് സ്റ്റേഷനുകളിൽ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് ക്രമീകരണം നടത്തേണ്ടതാണ്. ഭിന്നശേഷി വോട്ടർമാർക്കും ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും ഓരോ പോളിംഗ് സ്റ്റേഷനിലും മതിയായ കസേരകൾ / ബെഞ്ചുകൾ നൽകണം.
- സംസ്ഥാനത്തെ എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം ഉറപ്പാക്കേണ്ടതും വരി നിൽക്കുന്നിടത്ത് വെയിൽ ഏൽക്കാതെ നിൽക്കുവാനുള്ള സൌകര്യം ഒരുക്കുകയും വേണം. ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിംഗ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം.
- എല്ലാ പോളിംഗ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കേണ്ടതും സമ്മതിദായകരെ സഹായിക്കുന്നതിനായി BLO/ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കേണ്ടതുമാണ്. കഴിയുന്നിടത്തോളം, പോളിംഗ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് അടുത്ത് തന്നെ വേണം വോട്ടർ അസിസ്റ്റൻസ് ബൂത്ത് ക്രമീകരിക്കേണ്ടത്.
- മുൻകാല വോട്ടിംഗ് പാറ്റേണിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകൾ / പോളിംഗ് ലൊക്കേഷനുകൾ സെക്ടർ ഓഫീസർമാർ തിരിച്ചറിയേണ്ടതും അത്തരം പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് ദിവസം വളരെ നീണ്ട ക്യൂ ഉള്ള പോളിംഗ് സ്റ്റേഷനുകളിൽ സെക്ടർ ഓഫീസർമാർ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവർത്തകരെ ഏർപ്പാടാക്കുക, ടോക്കണുകൾ വിതരണം ചെയ്യുക മുതലായ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്. സെക്ടർ ഓഫീസർക്ക് പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കുമ്പോൾ അത്തരം സാഹചര്യം വേഗത്തിൽ തിരിച്ചറിയുന്നതിനും റിസർവ് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് റിട്ടേണിംഗ് ഓഫീസറുടെ സഹായം തേടാനും കഴിയണം. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിക്കാൻ റിസർവ് ജീവനക്കാരെയും വാഹനങ്ങളെയും വരണാധികാരി സജ്ജമാക്കിയിരിക്കണം.
- പരിശീലന സമയത്ത് തന്നെ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ സംബന്ധിച്ച കർശന നിർദ്ദേശം പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണ്.
To read more click here.
