HSS PLUS

MEDISEP PHASE II – INSTRUCTIONS

🩺 മെഡിസെപ് (MEDISEP) രണ്ടാം ഘട്ടം: നിർദ്ദേശങ്ങൾ

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ (MEDISEP) രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി, മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ എന്നിവ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് താഴെ നൽകുന്നത്. (വിവിധ വകുപ്പുകൾ, യൂണിവേഴ്സിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാർ, ഡി.ഡി.ഒ. മാർ, ട്രഷറി ഓഫീസർമാർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ).

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി സ.ഉ.(അച്ചടി) നം. 70/2022 / ധന തീയതി 23/06/2022 പ്രകാരം നിലവിൽ വന്ന മെഡിസെപ് പദ്ധതിയുടെ ഒന്നാം ഘട്ടം 30/06/2025-ന് അവസാനിച്ച സാഹചര്യത്തിൽ, സ.ഉ.(അച്ചടി) നം. 102 / 2025 ധന തീയതി 14/08/2025 പ്രകാരം 01/10/2025 മുതൽ പ്രാബല്യത്തിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള പോളിസി നടപടികൾ സ്വീകരിച്ചുവരുന്നു.

ഒന്നാം വർഷത്തിലുണ്ടായ പരാതിയുടെ ഒരു വലിയ ശതമാനം മെഡിസെപ് കാർഡിലെ പോരായ്മകളുമായി ബന്ധപ്പെട്ടതായിരുന്നു. ഡാറ്റയുടെ കൃത്യത കുറവാണ് ഇതിന് പ്രധാന കാരണം. അടുത്ത ഘട്ടത്തിൽ ഇത് ഒഴിവാക്കുന്നതിനായി ജീവനക്കാർ, പെൻഷൻകാർ, നോഡൽ ഓഫീസർമാർ/ഡി.ഡി.ഒ. മാർ/ട്രഷറി ഓഫീസർ എന്നിവർ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ സമയബന്ധിതമായി പാലിക്കേണ്ടതാണ്.


📝 ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കുള്ള നിർദ്ദേശം

പോളിസി വർഷാരംഭം സർക്കാർ കൈമാറുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് കമ്പനി ഐഡി കാർഡ് ലഭ്യമാക്കുന്നത്. പരിരക്ഷ ലഭിക്കുന്നതിന് മെഡിസെപ് ഐഡി കാർഡ് നിർബന്ധമാണ്. കൂടാതെ, മെഡിസെപ് കാർഡിലെയും ആശുപത്രിയിൽ തിരിച്ചറിയലിനായി നൽകുന്ന മറ്റ് രേഖകളിലെയും (ഉദാ: ആധാർ കാർഡ്) വിവരങ്ങളിൽ (പേര്, ജനനത്തീയതി) പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്നതിന് ഇടയാകുന്നതാണ്. ആയതിനാൽ, വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തേണ്ടത് പ്രാഥമിക ഗുണഭോക്താവിന്റെ (ജീവനക്കാർ, പെൻഷൻകാർ) ഉത്തരവാദിത്വമാണ്.


🏛️ ഡി.ഡി.ഒ/നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർക്കുള്ള നിർദ്ദേശം

ബന്ധപ്പെട്ട ഡി.ഡി.ഒ./നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർ തങ്ങളുടെ വകുപ്പിലെ/ഓഫീസിലെ/സ്ഥാപനങ്ങളിലെ ലോഗിനിൽ നിലവിലുള്ള ഡാറ്റ കൃത്യമാണെന്നും അധിക ജീവനക്കാർ/പെൻഷൻകാർ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് നിർബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്.


📌 ഡി.ഡി.ഒ./ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർക്കുള്ള അധിക മാർഗ്ഗനിർദ്ദേശങ്ങൾ


⚠️ ശ്രദ്ധിക്കുക: ഉത്തരവാദിത്തം

മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഗുണഭോക്താവും, ഡി.ഡി.ഒ/നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർ എന്നിവർ യഥാസമയം ഡാറ്റ സ്ഥിരീകരണം നടത്തേണ്ടതാണ്.

കൂടാതെ, മെഡിസെപ് പ്രതിമാസ പ്രീമിയം തുക ശമ്പളം/പെൻഷനിൽ നിന്നും ഈടാക്കുന്നുണ്ടെന്നും പ്രീമിയം വിവരങ്ങൾ പ്രൊഫൈലിലെ Payment history-യിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഓരോ ഗുണഭോക്താവും ഉറപ്പ് വരുത്തേണ്ടതാണ്.

CABINET MEETING APPROVED THE SECOND PHASE OF MEDISEP

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.

41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ. സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും.

നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും. തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.

പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും. ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തും.

കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

📍ഒന്നാം ഘട്ടത്തില്‍ ഇതുവരെ (01.07.2025 വരെ)

Exit mobile version