🩺 മെഡിസെപ് (MEDISEP) രണ്ടാം ഘട്ടം: നിർദ്ദേശങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ (MEDISEP) രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി, മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ എന്നിവ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് താഴെ നൽകുന്നത്. (വിവിധ വകുപ്പുകൾ, യൂണിവേഴ്സിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാർ, ഡി.ഡി.ഒ. മാർ, ട്രഷറി ഓഫീസർമാർ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ).
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി സ.ഉ.(അച്ചടി) നം. 70/2022 / ധന തീയതി 23/06/2022 പ്രകാരം നിലവിൽ വന്ന മെഡിസെപ് പദ്ധതിയുടെ ഒന്നാം ഘട്ടം 30/06/2025-ന് അവസാനിച്ച സാഹചര്യത്തിൽ, സ.ഉ.(അച്ചടി) നം. 102 / 2025 ധന തീയതി 14/08/2025 പ്രകാരം 01/10/2025 മുതൽ പ്രാബല്യത്തിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള പോളിസി നടപടികൾ സ്വീകരിച്ചുവരുന്നു.
ഒന്നാം വർഷത്തിലുണ്ടായ പരാതിയുടെ ഒരു വലിയ ശതമാനം മെഡിസെപ് കാർഡിലെ പോരായ്മകളുമായി ബന്ധപ്പെട്ടതായിരുന്നു. ഡാറ്റയുടെ കൃത്യത കുറവാണ് ഇതിന് പ്രധാന കാരണം. അടുത്ത ഘട്ടത്തിൽ ഇത് ഒഴിവാക്കുന്നതിനായി ജീവനക്കാർ, പെൻഷൻകാർ, നോഡൽ ഓഫീസർമാർ/ഡി.ഡി.ഒ. മാർ/ട്രഷറി ഓഫീസർ എന്നിവർ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ സമയബന്ധിതമായി പാലിക്കേണ്ടതാണ്.
📝 ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കുള്ള നിർദ്ദേശം
പോളിസി വർഷാരംഭം സർക്കാർ കൈമാറുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് കമ്പനി ഐഡി കാർഡ് ലഭ്യമാക്കുന്നത്. പരിരക്ഷ ലഭിക്കുന്നതിന് മെഡിസെപ് ഐഡി കാർഡ് നിർബന്ധമാണ്. കൂടാതെ, മെഡിസെപ് കാർഡിലെയും ആശുപത്രിയിൽ തിരിച്ചറിയലിനായി നൽകുന്ന മറ്റ് രേഖകളിലെയും (ഉദാ: ആധാർ കാർഡ്) വിവരങ്ങളിൽ (പേര്, ജനനത്തീയതി) പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്നതിന് ഇടയാകുന്നതാണ്. ആയതിനാൽ, വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തേണ്ടത് പ്രാഥമിക ഗുണഭോക്താവിന്റെ (ജീവനക്കാർ, പെൻഷൻകാർ) ഉത്തരവാദിത്വമാണ്.
- ഡാറ്റാ പരിശോധന: എല്ലാ മെഡിസെപ് ഗുണഭോക്താക്കളും മെഡിസെപ് വെബ്സൈറ്റിലെ (http://www.medisep.kerala.gov.in) ‘സ്റ്റാറ്റസ്’ മെനുവിൽ പെൻ നമ്പർ/എംപ്ലോയി ഐ.ഡി./പി.പി.ഒ. നമ്പർ/പെൻഷൻ നമ്പർ/പെൻഷൻ ഐ.ഡി., ജനനത്തീയതി, വകുപ്പിന്റെ/ട്രഷറിയുടെ പേര് എന്നിവ നൽകി സ്റ്റാറ്റസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് തങ്ങളുടെ മെഡിസെപ് ഡാറ്റ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- തിരുത്തലുകൾക്കുള്ള അപേക്ഷ: ഇതിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളിൽ ആവശ്യമുണ്ടെങ്കിലോ, ആശ്രിതരുടെ പട്ടികയിൽ നിന്ന് ആരെങ്കിലും നീക്കം ചെയ്യണമെന്നുണ്ടെങ്കിലോ, പുതിയതായി ആശ്രിതരെ മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിലോ ആയതിനുള്ള അപേക്ഷകൾ, ജീവക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ. മാർക്കും പെൻഷൻ/കുടുംബ പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർമാർക്കും 10.09.2025-ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
- സമയപരിധിക്ക് ശേഷമുള്ള മാറ്റങ്ങൾ: സമയപരിധിക്കു ശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി. കാർഡിൽ പ്രതിഫലിക്കുകയില്ല. ഇൻഷുറൻസ് കമ്പനിക്ക് ഡാറ്റ നൽകി കഴിഞ്ഞതിനു ശേഷം ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനോ ആശ്രിതരെ (പുതുതായി വിവാഹം കഴിക്കുന്നവർ, നവജാത ശിശുക്കൾ ഒഴികെ) ഉൾപ്പെടുത്തുന്നതിനോ അവസരം ഉണ്ടായിരിക്കുന്നതല്ല.
- നവജാത ശിശുക്കൾ/പുതിയ പങ്കാളി:
- നവജാത ശിശുക്കളെ – ജനിച്ചു 90 ദിവസത്തിനുള്ളിലും,
- പുതുതായി വിവാഹം കഴിക്കുന്നവർ പങ്കാളിയുടെ പേര് – വിവാഹം കഴിഞ്ഞ് ഒരു മാസക്കാലയളവിനുള്ളിലും മെഡിസെപ് പോർട്ടലിലെ ആശ്രിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
- പരിശോധനാനന്തരം: തിരുത്തലുകൾ വരുത്തി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് ഡി.ഡി.ഒ. മാർ വെരിഫിക്കേഷൻ പൂർത്തീകരിച്ച പ്രൊഫൈലുകളുടെ സ്റ്റാറ്റസ് റിപ്പോർട്ട് ഗുണഭോക്താക്കൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും മെഡിസെപ് കാർഡ് ലഭ്യമാകുമ്പോൾ ഒത്തുനോക്കേണ്ടതുമാണ്.
- സാങ്കേതിക പ്രശ്നം: അനുവദിച്ച സമയപരിധിക്കുള്ളിൽ തിരുത്തലുകൾ വരുത്തി VERIFY ചെയ്തതിനു ശേഷവും, എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെ വരുന്ന പക്ഷം, 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിലോ info.medisep@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ഉടനടി ബന്ധപ്പെടേണ്ടതാണ്.
🏛️ ഡി.ഡി.ഒ/നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർക്കുള്ള നിർദ്ദേശം
ബന്ധപ്പെട്ട ഡി.ഡി.ഒ./നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർ തങ്ങളുടെ വകുപ്പിലെ/ഓഫീസിലെ/സ്ഥാപനങ്ങളിലെ ലോഗിനിൽ നിലവിലുള്ള ഡാറ്റ കൃത്യമാണെന്നും അധിക ജീവനക്കാർ/പെൻഷൻകാർ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് നിർബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്.
- ആധാർ നമ്പർ: ഇതിനായി ഗുണഭോക്താക്കളുടെ ആധാർ നമ്പറിന്റെ കൃത്യത പരിശോധിക്കുന്നത് ഉചിതമായിരിക്കും. ആവർത്തനം തടയുന്നതിന് ഇത് സഹായകരമാണ്.
- ഒഴിവാക്കേണ്ട വിഭാഗം: ഒഴിവാക്കേണ്ട വിഭാഗം ജീവനക്കാരുടെ/പെൻഷൻകാരുടെ വിവരങ്ങൾ (സർക്കുലർ നം. 57/2023/ധന തീയതി 15/06/2023) പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ/പെൻഷൻകാരുടെ ക്രോഡീകരിച്ച ലിസ്റ്റ് അതാത് വകുപ്പ് നോഡൽ ഓഫീസർമാർ ധനകാര്യ (ഐ.ടി.എസ്.എഫ്.) വകുപ്പിനെ ഇമെയിൽ (info.medisep@kerala.gov.in) മുഖാന്തിരം അറിയിക്കേണ്ടതും അപ്രകാരം പോർട്ടലിൽ മാറ്റം വരുത്തേണ്ടതുമാണ്.
- തിരുത്തൽ നടപടിക്രമം: രണ്ടാം ഘട്ടത്തിൽ ഗുണഭോക്താക്കളുടെ മെഡിസെപ് ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനും ആശ്രിതരെ ഉൾപ്പെടുത്തുന്നതിനും 10.09.2025 വരെയുള്ള അപേക്ഷകൾ 15.09.2025-നുള്ളിൽ ബന്ധപ്പെട്ട ഡി.ഡി.ഒ./നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്.
📌 ഡി.ഡി.ഒ./ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർക്കുള്ള അധിക മാർഗ്ഗനിർദ്ദേശങ്ങൾ
- ആശ്രിതർ:
- സാമൂഹ്യ സുരക്ഷ പെൻഷൻ ഒഴികെ മറ്റു പെൻഷൻ കൈപ്പറ്റുന്നവരെ ആശ്രിത വിഭാഗത്തിൽ ഉൾപ്പെടുത്തുവാൻ പാടുള്ളതല്ല.
- ജീവനക്കാരെ പൂർണ്ണമായി ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കളെ മാത്രമേ ആശ്രിതരായി കാർഡിൽ ചേർക്കാൻ പാടുള്ളൂ.
- ഒരു ആശ്രിതനെ/ആശ്രിതയെ ഒന്നിലധികം മെഡിസെപ് കാർഡുകളിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.
- മെഡിസെപ് ഐഡി: ഒരു ജീവനക്കാരന് ഒരു മെഡിസെപ് ഐ.ഡി. മാത്രമേ പാടുള്ളൂ. സർവീസ് പെൻഷനും കുടുംബ പെൻഷനും / ശമ്പളവും കുടുംബ പെൻഷനും കൈപ്പറ്റി വരുന്നവർക്ക് ഒരു മെഡിസെപ് ഐ.ഡി. മാത്രമേ ജനറേറ്റ് ചെയ്യാൻ പാടുള്ളൂ.
- ഒഴിവാക്കേണ്ട വിവരങ്ങൾ:
- കഴിഞ്ഞ പോളിസി വർഷം മരണപ്പെട്ട, അനന്തരാവകാശികളില്ലാത്ത ഗുണഭോക്താക്കളുടെ വിവരങ്ങൾ.
- സർവീസിൽ നിന്നും പിരിച്ചു വിടപ്പെട്ടവർ, സർവീസിൽ നിന്നും രാജിവെച്ചവർ, മെഡിസെപ് ഇല്ലാത്ത സ്ഥാപനത്തിലേക്ക് ഉദ്യോഗം മാറിപോയവർ. (ഇതിനായി കാറ്റഗറി കൃത്യമായി അപ്ഡേറ്റ് ചെയ്ത് മെഡ്കാർഡിന് യോഗ്യരായവർ മാത്രമേ ലോഗിനിൽ ലൈവായി നിലനിൽക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക).
- കഴിഞ്ഞ പോളിസി കാലയളവിൽ ശൂന്യവേതനാവധിയിൽ പ്രവേശിച്ച് നിലവിലും ശൂന്യവേതനാവധിയിൽ തുടരുന്നവരുടെ വിവരങ്ങൾ.
- പുതിയ ജീവനക്കാർ: പുതുതായി സേവനത്തിൽ പ്രവേശിക്കുന്ന ജീവനക്കാരെല്ലാം പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവരാകുമെന്നതിനാൽ നിർബന്ധമായും അവരുടെ PRAN കൂടി മെഡിസെപ് പോർട്ടലിൽ രേഖപ്പെടുത്തേണ്ടതാണ്.
- മസ്റ്ററിംഗ് നടത്താത്തവർ: ഡാറ്റാ ശേഖരണ സമയത്ത് മസ്റ്ററിംഗ് നടത്താത്ത പെൻഷണറുടെ വെരിഫൈ ചെയ്യാത്ത ഡാറ്റ സർക്കാരിലേയ്ക്ക് സമർപ്പിക്കേണ്ടതില്ല.
- അന്യത്ര സേവനം: അന്യത്ര സേവനത്തിൽ ഉള്ള ജീവനക്കാരുടെ വിവരങ്ങൾ മാതൃവകുപ്പിൽ തന്നെ സൂക്ഷിക്കേണ്ടതും പ്രീമിയം വിവരങ്ങൾ ഓരോ മാസവും ലഭ്യമായി എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.
- വകുപ്പ് മാറ്റം/റിട്ടയർമെന്റ്: ഒരു വകുപ്പിൽ നിന്നും ജീവനക്കാർ മറ്റൊരു വകുപ്പിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കോ യൂണിവേഴ്സിറ്റികളിലേക്കോ തിരിച്ചോ മാറ്റപ്പെടുമ്പോഴും റിട്ടയർ ചെയ്യുമ്പോഴും നിലവിലെ മെഡിസെപ് ഐ.ഡി. തന്നെ തുടരേണ്ടതാണ്. ആവശ്യമുണ്ടെങ്കിൽ മാത്രം PEN/എംപ്ലോയി ഐ.ഡി., ധനകാര്യ (ഐ.ടി.എസ്.എഫ്.) വിഭാഗവുമായി ബന്ധപ്പെട്ടു അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
- എക്സ്ഗ്രേഷ്യ പെൻഷൻകാർ: സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ മെഡിസെപ്പിൽ അംഗത്വം നൽകാവുന്നതാണ്.
- NPS പെൻഷൻകാർ (01.09.2025-നു മുൻപ് വിരമിച്ചവർ): സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ മെഡിസെപ്പിൽ അംഗത്വം നൽകാവുന്നതാണ്. ഇതിനായി ഒരു വർഷത്തെ പ്രീമിയം തുക ഒറ്റത്തവണയായി ‘8658-00-102-87-09 Contribution from NPS Pensioners’ എന്ന ശീർഷകത്തിൽ അടക്കേണ്ടതും remittance ന്റെ വിവരങ്ങൾ ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പിന് സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.
- അഖിലേന്ത്യ സർവീസ് ഓഫീസർമാർ (AIS – ഐച്ഛിക അംഗത്വം):
- സർവീസ് ഓഫീസർമാർ: താല്പര്യമുള്ളവരുടെ എൻറോൾമെന്റ് ഫോം ലഭിക്കുന്ന മുറയ്ക്ക് മാത്രം ഡാറ്റാ വെരിഫൈ ചെയ്തു സൂക്ഷിക്കേണ്ടതാണ്. അല്ലാത്തവരെ ഡി.ഡി.ഒ. മാർ മുൻകരുതൽ എന്ന നിലയ്ക്ക് deactivate ചെയ്യുന്നതിന് സ്വീകരിക്കേണ്ടതാണ്.
- പെൻഷൻകാർ: താല്പര്യമുള്ളവരുടെ എൻറോൾമെന്റ് ഫോം ലഭിക്കുന്ന മുറയ്ക്ക് മാത്രം ഡാറ്റാ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തവരെ വെരിഫൈ ചെയ്തു deactivate ചെയ്യുന്നതിന് ട്രഷറി ഓഫീസർമാർ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
- നോഡൽ ഓഫീസർമാർ: എല്ലാ നോഡൽ ഓഫീസർമാരും അവരുടെ കീഴിലുള്ള വകുപ്പുകളിലും സ്ഥാപനങ്ങളിലും ലഭ്യമായ ലോഗിനുകളിൽ ഉള്ള ജിവനക്കാരുടെയും/പെൻഷൻകാരുടെയും എണ്ണവും കാറ്റഗറിയും കൃത്യമായാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ധനകാര്യ (ഐ.ടി.എസ്.എഫ്) വിഭാഗത്തിൽ നിന്നും വ്യക്തത ആവശ്യപ്പെട്ട് ലഭിക്കുന്ന നിർദ്ദേശങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പാലിക്കേണ്ടതുണ്ട്.
⚠️ ശ്രദ്ധിക്കുക: ഉത്തരവാദിത്തം
മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഗുണഭോക്താവും, ഡി.ഡി.ഒ/നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർ എന്നിവർ യഥാസമയം ഡാറ്റ സ്ഥിരീകരണം നടത്തേണ്ടതാണ്.
- ഗുണഭോക്താവിന്റെ ഭാഗത്തെ പാളിച്ച: ഗുണഭോക്താവിന്റെ പക്കലുള്ള പാളിച്ച മൂലം മെഡിസെപ് ആനുകൂല്യം ലഭ്യമാകാതെ വന്നാൽ സർക്കാരോ, ഇൻഷുറൻസ് കമ്പനിയോ, ആശുപത്രിയോ ഉത്തരവാദിയായിരിക്കുകയില്ല.
- ഉദ്യോഗസ്ഥരുടെ ഭാഗത്തെ പാളിച്ച: ഡി.ഡി.ഒ/നോഡൽ ഓഫീസർ/ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർ എന്നിവരുടെ പക്കൽ നിന്നുണ്ടാകുന്ന പാളിച്ച മൂലം ഗുണഭോക്താവിന് ആനുകൂല്യം ലഭ്യമാകാതെ വന്നാൽ ആയതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും.
കൂടാതെ, മെഡിസെപ് പ്രതിമാസ പ്രീമിയം തുക ശമ്പളം/പെൻഷനിൽ നിന്നും ഈടാക്കുന്നുണ്ടെന്നും പ്രീമിയം വിവരങ്ങൾ പ്രൊഫൈലിലെ Payment history-യിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഓരോ ഗുണഭോക്താവും ഉറപ്പ് വരുത്തേണ്ടതാണ്.
CABINET MEETING APPROVED THE SECOND PHASE OF MEDISEP
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.
41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.
പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ. സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.
പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും.

നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും. തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.
പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും. ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തും.
കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
📍ഒന്നാം ഘട്ടത്തില്‍ ഇതുവരെ (01.07.2025 വരെ)
- 1,052,121 ക്ലയിമുകൾക്ക് 1911.22 കോടി
- 2256 അവയവമാറ്റ ചികിത്സ ക്ലയിമുകൾക്ക് – 67.56 കോടി
- 1647 റിഇമെഴ്സ്മെന്റ്റ് ക്ലയിമുകൾക്ക് – 9.61 കോടി
- കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉൾപ്പെടെ )-1950.00കോടി
- ജി എസ് ടി ഒഴികെയുള്ള യഥാർഥ പ്രിമിയം -1599.09 കോടി