KERALA SCHOOL KALOLSAVAM 2024 – 25

STATE KALOLSAVAM – PROGRAM SCHEDULE

തിരുവനന്തപുരം : അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ തിയതികൾ പ്രഖ്യാപിച്ചു. 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ വച്ച് കലോത്സവം നടത്തും. ഈ വർഷം കേരള സ്‌കൂൾ കലോത്സവത്തിൽ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 എന്നിങ്ങനെ ആകെ 249 മത്സരങ്ങളാണുളളത്.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ വച്ച് നവംബർ 12ന് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജനപ്രതിനിധികൾ, കലാസാംസ്‌കാരിക നായകന്മാർ, സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ മുന്നൂറോളം പേർ പങ്കെടുത്തതായി മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗര പരിധിയിലുളള 25 വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്.

ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്ട്രേഷൻ എന്നിവയ്ക്കായും പ്രത്യേകം വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത എല്ലാ വേദികളിലും പ്രോഗ്രാം, സ്റ്റേജ് & പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കൺവീനർമാർ, അഡീഷണൽ ഡയറക്ടർ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത് സെൻട്രൽ സ്റ്റേഡിയം ആണ്. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്.

ഭക്ഷണം ഉൾപ്പെടെയുള്ള ടെൻഡർ നടപടികൾ ഈ മാസം 18 ന് മുൻപ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ സബ് കമ്മിറ്റികളും ബന്ധപ്പെട്ട ചെയർമാന്മാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കലോത്സവത്തിനുളള ലോഗോ ക്ഷണിക്കുകയും അതിൽ നിന്നും അസ്ലം തിരൂർ, ആഷിയാന, മീനടത്തൂർ, തിരൂർ രൂപകൽപന ചെയ്ത ലോഗോയാണ് ഈ മേളയുടെ ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

………………………………………………………………………………………………………………………………………………………

അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

………………………………………………………………………………………………………………………………………………………

വിധികർത്താക്കൾക്കും ഒഫിഷ്യൽസിനും താമസിക്കുന്നതിനായി തിരുവനന്തപുരം നഗര പരിധിയിലെ വിവിധ ഹോട്ടലുകളിലായി മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ 25 സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. കനകക്കുന്നു മുതൽ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയിൽ ദീപാലങ്കാരം ഒരുക്കുന്നത് ആലോചിക്കും. ഓരോ വേദിയിലും കുട്ടികൾക്ക് എത്തുന്നതിന് സഹായിക്കുന്നതിന് ക്യൂ ആർ കോഡ് സംവിധാനം ഒരുക്കും. എല്ലാ അക്കോമഡേഷൻ സെന്ററുകളിലും വേദികൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌ക് സ്ഥാപിയ്ക്കും. സ്വർണ്ണ കപ്പ് എല്ലാ ജില്ലകളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റു വാങ്ങി കൊണ്ട് തലസ്ഥാന നഗരിയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

CLICK HERE TO VISIT OFFICIAL WEBSITE OF KERALA SCHOOL KALOLSAVAM 2024 – 25

Leave a Reply