2025 ഫെബ്രുവരി 13, 14 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എച്ച് എസ് എസ് ടി എ യുടെ 34-ാം മത് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡിപ്പാർട്ടുമെന്റൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരുടെ അംഗീകൃത സംഘടനയായ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം സംഘടനയുടെ രൂപീകരണ യോഗം നടന്ന അനന്തപുരിയിൽ വച്ചുതന്നെ നടക്കുകയാണ്. നാളിതു വരെയായി സർക്കാർ ഹയർ സെക്കണ്ടറി മേഖലയിൽ നമ്മൾ നേടിയെടുത്ത അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും ഉജ്ജ്വലമായ നേതൃത്വം നൽകിയ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലേക്ക് താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്..

ഹയർ സെക്കണ്ടറി മേഖലയിലെ അക്കാദമികവും ഭരണപരവുമായ വികാസപരിണാമങ്ങൾക്ക് ഊടും പാവും നെയ്‌ത്, ഇന്ന് കാണുന്ന തരത്തിൽ പടർന്നു പന്തലിച്ച ഒരു സംവിധാനമായി ഈ മേഖലയെ മാറ്റാൻ നേതൃപരമായി ഇടപെട്ട സംഘടനയുടെ മൂന്നര പതിറ്റാണ്ടിനോടടുക്കുന്ന ചരിത്രപരമായ സംസ്ഥാന സമ്മേളനത്തിനാണ് ഹയർ സെക്കണ്ടറി എന്ന മേഖല തന്നെ ഇല്ലാതാക്കാനുള്ള കരുനീക്കങ്ങൾ നടക്കുന്ന സമകാലിക സാഹചര്യത്തിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം വീണ്ടും വേദിയാവുന്നത്.
ഹയർ സെക്കണ്ടറി മേഖലയിലെ പാഠ്യ പദ്ധതി, പാഠപുസ്തകങ്ങൾ, അധ്യാപക നിയമനം, പ്രിൻസിപ്പൽ തസ്തിക, ഗസറ്റഡ് റാങ്കും മികച്ച ശമ്പള സ്കെയിലും, അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ, പരീക്ഷാ സംവിധാനങ്ങൾ, പ്രവേശനത്തിനുള്ള ഏകീകൃത സംവിധാനങ്ങൾ തുടങ്ങിയ വലിയ നേട്ടങ്ങൾക്കു പിന്നിൽ നമ്മുടെ സംഘടനയാണുള്ളതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഭൂമികയുടെ തിലകക്കുറിയായി മാറിയ ഹയർ സെക്കണ്ടറി മേഖലയുടെ സ്വതന്ത്രമായ നിലനിൽപ്പിനു വരെ ഭീഷണിയാവുന്ന ഗുരുതര സാഹചര്യം കാർമേഘം പോലെ ഉരുണ്ടു കൂടുമ്പോൾ നമ്മുടെ സമ്മേളനങ്ങൾ ഏറെ പ്രസക്തമാവുകയാണ്. മേഖലയിലെ അധ്യാപക-അനധ്യാപക വൃന്ദത്തിൻ്റെ ആത്മാർപ്പണം കൊണ്ടു മാത്രം വികസിച്ചുവന്ന ഹയർ സെക്കണ്ടറി സംവിധാനത്തിൻ്റെ പരിപൂർണ്ണമായ തകർച്ചക്ക് കാരണമാവുന്ന അശാസ്ത്രീയവും അനാവശ്യവുമായ പരിഷ്കരണങ്ങൾ കൊണ്ടുവരാനുള്ള ആത്മഹത്യാ പരമായ സർക്കാർ നീക്കത്തെ പൊതു സമൂഹത്തെ മുൻനിർത്തി തടയുക എന്നതാണ് ഈ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രഖ്യാപിത മുദ്രാവാക്യം.

ഇനി വരാനുള്ള തലമുറയ്ക്കായി ക്രിയാത്മകകവും ഗുണപരവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ഹയർ സെക്കണ്ടറി മേഖലയെ ഇന്നത്തെ രീതിയിൽ തന്നെ ഘടനാപരമായും ഭരണ പരമായും നിലനിർത്താനുള്ള ചരിത്രപരമായ ദൗത്യം ഈ മേഖലയിലെ അധ്യാപക സമൂഹത്തിൽ നിക്ഷിപ്തമാണെന്ന് തിരിച്ചറിഞ്ഞ് അതിനായുള്ള നയപരിപാടികൾ രൂപീകരിക്കാനുള്ള വേദികളായി നമ്മുടെ സമ്മേളനങ്ങളെ കണ്ട് അവ പങ്കാളിത്തം കൊണ്ടും സഹകരണങ്ങൾ കൊണ്ടും വിജയിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്.
ആത്മഹത്യാപരമായ ഏകീകരണ നീക്കം
ശാസ്ത്രീയമായ പഠനങ്ങളുടെയോ ഗവേഷണങ്ങളുടെയോ പിന്തുണ ഇല്ലാതെ, ഖാദർ കമ്മറ്റി റിപ്പോർട്ടിൻ്റെ മറവിൽ വെറും രാഷ്ട്രീയ – സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി കേരളത്തിൻ്റെ സാമൂഹ്യ പരിസരത്ത് അതീവ പ്രാധാന്യമുള്ള വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകരണം തികച്ചും ആത്മഹത്യാപരമാവും.
പൊതുവിദ്യാഭ്യാസ സംരക്ഷണമെന്നാൽ കേവലം കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമല്ലെന്നും പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി മേഖലകളെ വേറിട്ടു കണ്ട് കാമ്പുള്ള പാഠ്യ പദ്ധതിയും അക്കാദമിക പ്രവർത്തനങ്ങളും ഉറപ്പു വരുത്തിയില്ലെങ്കിൽ ഈ മേഖലയിൽ നിന്നും സ്വകാര്യ മേഖലയിലേക്കുള്ള കുത്തൊഴുക്ക് വരും വർഷങ്ങളിൽ വൻ തോതിൽ വർധിക്കുമെന്ന് ഉറപ്പാണ്. അതിൻ്റെ സൂചനകൾ പ്രകടമായിക്കഴിഞ്ഞു. ഓരോ വിഭാഗത്തെയും വേറിട്ട് വികസിപ്പിക്കുന്ന വികേന്ദ്രീകൃത രീതിയിൽ നിന്നും കേന്ദ്രീകൃതമായ ഏകീകരണം വലിയ ആഘാതമാണ് ഉണ്ടാക്കുക എന്നതിനാൽ ഈ നീക്കത്തെ നമുക്ക് തടഞ്ഞേ മതിയാവു.
പൊതുവിദ്യാഭ്യാസ മേഖലയിലെ ഭീമമായ തസ്‌തിക നഷ്ടം
ഏകീകരണത്തിന് ബലമേകുന്ന തരത്തിലുള്ള തികച്ചും അനീതി നിറഞ്ഞ രീതിയിലാണ് തസ്‌തിക നിർണയം നടക്കുന്നത്. കഴിയുന്ന തസ്‌തികകൾ ഇല്ലാതാക്കി സർക്കാറിനു സമർപ്പിക്കുന്ന ഒരു ഉപസമിതിയായി സർക്കാർ നിയോഗിച്ച സമിതി മാറിയിരിക്കുന്നു. കുട്ടികളുടെ കുറവുമൂലം നിരവധി ബാച്ചുകൾ, സീറ്റുകളുടെ കുറവ് നേരിടുന്ന മലബാർ ജില്ലകളിലേക്ക് മാറ്റിയിരുന്നു. ബാച്ച് ഷിഫ്റ്റ് ചെയ്യുമ്പോൾ തസ്‌തികൾ കൂടി ഷിഫ്റ്റ് ചെയ്യണമെന്ന സാമാന്യ യുക്തി ബോധപൂർവ്വം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ്, തസ്‌തിക നിർണയം വഴി നാനൂറ്റി അൻപതിനടുത്ത് തസ്‌തികകൾ വെട്ടിനിരത്തിയിരിക്കുകയാണ്. അതേ സമയം മലബാർ പ്രദേശത്തേക്ക് മാറ്റിയ ബാച്ചുകൾ ആറു വർഷത്തിലധികമായി പൂർണമായ എണ്ണം വിദ്യാർത്ഥികളുമായി പ്രവർത്തിക്കുമ്പോൾ അവിടെ ഒരു തസ്‌തിക പോലും സൃഷ്ടിക്കാതെ ഭീമമായ തസ്‌തിക നഷ്ടത്തിൻ്റെ പേരിൽ അധ്യാപകർ പിരിച്ചു വിടപ്പെടുകയും സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഭീതിദമായ സാഹചര്യത്തിലേക്ക് ഹയർ സെക്കണ്ടറി മേഖലയെ കൊണ്ടെത്തിച്ചിരിക്കുന്നു. പുതിയ തസ്‌തികകൾ സൃഷ്ടിക്കാൻ തയ്യാറാവാതെ തസ്‌തിക നഷ്ടത്തിൻ്റെ പേരിൽ സീനിയർ സ്ഥാനക്കയറ്റം ലഭിച്ചവരെപ്പോലും ജൂനിയറായി തിരിച്ചു വിളിക്കേണ്ട സാഹചര്യം സംജാതമാവുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
മരവിച്ച പി എസ് സി നിയമനം
സാമ്പത്തിക നിയന്ത്രണത്തിൻ്റെ പേരിൽ പുതിയ തസ്‌തികകൾ സൃഷ്ടിക്കാതെ ഒളിച്ചു കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി മൂലം പി എസ് സി നിയമനവും മരവിച്ചിരിക്കുകയാണ്. വിരമിക്കൽ മൂലമുണ്ടാക്കുന്ന ഒഴിവുകൾ തസ്‌തിക നഷ്ടം വഴി പുറത്താവുന്നവരെ നിലനിർത്താൻ മാറ്റിവക്കേണ്ടി വരുന്ന സാഹചര്യത്തിൽ പി എസ് സി നിയമനമെന്നത് വെറും മരീചിക ആയി മാറുന്നു. റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ചവർ പോലും വർഷങ്ങളായി ഒരു ജോലിക്കായി കാത്തിരിക്കുമ്പോൾ പുതിയതായി അനുവദിച്ച ബാച്ചുകളിലും ഷിഫ്റ്റ് ചെയ്യപ്പെട്ട ബാച്ചുകളിലും സ്ഥിരാധ്യാപകരില്ലാതെ കുട്ടികൾ ദുരിതമനുഭവിക്കുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയിലെ കേരള മോഡലിനു തന്നെ നാണക്കേടായി മാറിയിരിക്കുന്നു
കുത്തഴിഞ്ഞ പരീക്ഷാ സംവിധാനം
നാളിതുവരെ തുടർന്നുവന്ന ഹയർ സെക്കണ്ടറി പരീക്ഷകളുടെ വിശ്വാസ്യതയും പ്രാധാന്യവും നഷ്ടമാക്കുന്ന തരത്തിലുള്ള കുത്തഴിഞ്ഞ സമീപനം കേരളത്തിനു തന്നെ അപമാനമായി മാറുകയാണ്. കേന്ദ്രീകൃത രീതിയിൽ തയ്യാറാക്കുന്ന ചോദ്യപ്പേപ്പറുകൾ പരീക്ഷക്കു മുൻപായി സ്വകാര്യ ചാനലുകൾക്കും, ഓൺലൈൻ പരിശീലകർക്കും ലഭിക്കുന്നതും അതു പരസ്യമാവുന്നതും ഏറെ ഞെട്ടലുളവാക്കുന്നതാണ്. ഒന്നും രണ്ടും വർഷ പൊതു പരീക്ഷകളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന ഗൗരവകരമായ സാഹചര്യമുണ്ട്. ദേശീയ മത്സരപരീക്ഷകൾക്കു പോലും പരിഗണിക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഒരു പ്രാധാന്യവും കൽപ്പിക്കാതെ അശാസ്ത്രീയമായ ടൈംടേബിൾ ക്രമീകരണം നടത്തിയിരിക്കുന്നു. ഹയർ സെക്കണ്ടറി മേഖലയിലെ അംഗീകൃത സംഘടനകളെ മാറ്റി നിർത്തി ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുത്തു മുന്നോട്ടു പോകുന്നതിൻ്റെ ദുരന്തഫലം അനുഭവിക്കുക ഒൻപതു ലക്ഷത്തോളം വരുന്ന കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ആയിരിക്കുമെന്ന യാഥാർത്ഥ്യം വിദ്യാഭ്യാസ വകുപ്പ് മറന്നു പോകരുത്. പരീക്ഷാ സമയവും, വിവിധ കോമ്പിനേഷനുകളുടെ പരീക്ഷാ ക്രമവും പുനർ നിശ്ചയിച്ച് മുന്നോട്ട് പോയില്ലെങ്കിൽ സംഭവിക്കുന്ന അക്കാദമികമായ തകർച്ച കേരളത്തിലെ വിദ്യാർത്ഥികളെ ഏറെ പിന്നോട്ടടിക്കുമെന്ന യാഥാർത്ഥ്യം സർക്കാർ ഉൾക്കൊള്ളണം
ഹയർ സെക്കണ്ടറി മേഖലയെ തൃണവൽഗണിക്കുന്ന സമീപനം
തുടർച്ചയായി രണ്ടു ടേമുകളിലായി ഭരണം കയ്യാളുമ്പോഴും ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും രൂക്ഷമായ വിഷയങ്ങളിൽ ഒരു ഇടപെടലും നടത്താൻ ഭരണപക്ഷ അധ്യാപക സംഘടനക്കാർക്ക് സാധിച്ചിട്ടില്ല. ജൂനിയർ അധ്യാപകരുടെ സമയബന്ധിത സ്ഥാനക്കയറ്റം, പിരിച്ചു വിട്ട ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരുടെ സർവീസ് ബ്രേക്ക് ഒഴിവാക്കി തിരിച്ചെടുക്കൽ, പൂർണ യോഗ്യതയുള്ള ഹയർ സെക്കണ്ടറി അധ്യാപകരെ മറികടന്ന് പ്രിൻസിപ്പൽ തസ്‌തികയിലേക്ക് ഹെഡ്‌മാസ്റ്റർമാരുടെ ബൈപ്പാസ് നിയമനം. പ്രിൻസിപ്പൽമാരുടെ ജോലിഭാരം ലഘുകരിച്ച് ഓഫീസ് സ്റ്റാഫിനെ നിയമിക്കൽ, ഹയർ സെക്കണ്ടറി മേഖലയിൽ ഭൗതിക-അക്കാദമിക സൗകര്യങ്ങൾ ഒരുക്കൽ, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ, ഗ്രാൻ്റുകൾ എന്നിവ കൃത്യമായി ലഭ്യമാക്കൽ, അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കൽ, ഏറി വരുന്ന ലഹരി ഉപഭോഗവും അതുമൂലം ഉടലെടുക്കുന്ന സമാധാന രഹിതമായ അന്തരീക്ഷം ഒഴിവാക്കൽ തുടങ്ങി ഒട്ടനവധി കാര്യങ്ങളിലെ നിസംഗ നിലപാടുമായി മുന്നോട്ടു പോവുന്ന സർക്കാറും ഏത് അവഗണനയെയും നിസ്സാരവൽക്കരിച്ചും ന്യായീകരിച്ചും മുന്നോട്ടു പോവുന്ന ഭരണവിലാസം സംഘടനകളും ഈ മേഖലയിലെ വലിയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.
അനിശ്ചിതത്വത്തിൻ്റെ മറുവാക്കായി അധ്യാപക സ്ഥലംമാറ്റം
ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റം പരാതി രഹിതമായി നടത്താനുള്ള മാനദണ്ഡങ്ങൾ സംഘടനകളുമായി ചർച്ച ചെയ്‌ത് രൂപീകരിച്ച് അടിയന്തിരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാവണം. കാലം തെറ്റി നടത്തുന്ന സ്ഥലം മാറ്റം സർക്കാർ വിദ്യാലയങ്ങളെ ഏറെ ദോഷകരമായി ബാധിക്കുകയാണ്. പരാതികൾക്കും കോടതി വ്യവഹാരങ്ങൾക്കും ഇടനൽകാതെ സുതാര്യവും സുവ്യക്തവുമായ മാനദണ്ഡങ്ങൾ രൂപീകരിച്ച് വരും വർഷങ്ങളിലെ സ്ഥലം മാറ്റം സമയബന്ധിതമായി നടത്താനുള്ള നടപടികൾ അടിയന്തിരമായി ആരംഭിക്കണം
ജീവനക്കാരെയും അധ്യാപകരെയും മറന്ന സർക്കാർ
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ചരിത്രത്തിലെ ഏറ്റവും ദുരിത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ആനുകൂല്യ നിഷേധങ്ങളുടെയും അവഗണനയുടെയും കാര്യത്തിൽ ഇടതുഭരണം നമ്പർ വൺ ആയി മാറിയിരിക്കുന്നു.
19 ശതമാനം ക്ഷാമബത്ത തടഞ്ഞു വക്കപ്പെട്ട ഒരു സാഹചര്യം ഇന്നുവരെ ഉണ്ടായിട്ടില്ല. ഓരോ വർഷവും ശമ്പള ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് ജീവനക്കാർക്കും അധ്യാപകർക്ക് നഷ്ടമാവുന്നത് . 39 മാസത്തെ ക്ഷാമബത്ത കുടിശിക നൽകുന്ന കാര്യത്തിൽ ഒരുറപ്പും സർക്കാർ നൽകുന്നില്ല. കാലങ്ങളായി ലഭ്യമായിരുന്ന ക്ഷാമബത്തയും കുടിശികയും മറ്റും കണക്കുകൂട്ടി മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഭവന നിർമ്മാണത്തിനും വിവിധ വായ്‌പകൾ കൈപ്പറ്റിയ ജീവനക്കാരുടെയും അധ്യാപകരുടെയും കുടുംബബജറ്റ് താളം തെറ്റിച്ച് വലിയ കടക്കെണിയിലേക്ക് അവരെ തള്ളിയിട്ടിരിക്കുന്നു.
2024 ജൂലൈ 1 ന് നിലവിൽ വരേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ ഇതുവരെയായി ഒരു കമ്മീഷനെപ്പോലും നിയമിക്കാതെ സർക്കാർ മുന്നോട്ടു പോവുന്നു. 2019 ശമ്പള വർഷത്തെ ശമ്പള പരിഷ്‌കരണ കുടിശിക ഇതുവരെ അനുവദിച്ചിട്ടില്ല. ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചിരിക്കുന്നു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം തൊണ്ട തൊടാതെ വിഴുങ്ങി എന്നു മാത്രമല്ല, കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും, പങ്കാളിത്ത പെൻഷനിൽ പെട്ട ജീവനക്കാരെ പണയം വച്ച് കോടികൾ വായ്‌പ എടുക്കുന്ന ഞെട്ടിപ്പിക്കുന്ന നടപടിയിലേക്ക് സർക്കാർ കടന്നിരിക്കുന്നു. കൊട്ടിഘോഷിച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കൂടാതെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിച്ചെടുക്കാനുള്ള ജീവാനന്ദം പോലുള്ള പദ്ധതികൾക്ക് കോപ്പുകൂട്ടുകയും ചെയ്യുകയാണ്. ഇത്തരം കടുത്ത അവഗണനയുടെയും അനിശ്ചിതത്വത്തിൻ്റെയും നടുവിൽ പകച്ചു നിൽക്കുന്ന ജീവനക്കാരും അധ്യാപകരും പ്രതിഷേധത്തിൻ്റെയും പ്രക്ഷോഭത്തിന്റെയും പാതയിലേക്ക് കടക്കാനിരിക്കുകയാണ്.
ഹയർ സെക്കണ്ടറി മേഖലയെയും പൊതു സർവീസ് മേഖലയെയും ബാധിക്കുന്ന രൂക്ഷമായ വിഷയങ്ങൾ ചർച്ച ചെയ്യാനും അധികാരികളുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പൊതു ചർച്ചയും പരിഹാരവും ലക്ഷ്യമിട്ടുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് സംഘടനയുടെ മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 12, 13, 14 തിയതികളിലായി (ബുധൻ,വ്യാഴം, വെള്ളി) തിരുവനന്തപുരത്തു വച്ചു നടക്കുന്നത്.
കേരളത്തിൻ്റെ വിദ്യാഭ്യാസ – സാംസ്‌കാരിക – സാമൂഹ്യ- രാഷ്ട്രീയ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമാകാനും സർക്കാർ ഹയർ സെക്കണ്ടറി മേഖലയിലെ അധ്യാപകരായ നമ്മുടെ മാത്രം വിഷയങ്ങൾ ചർച്ച ചെയ്യാനും വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവക്കുന്നതിനും നയപരിപാടികൾ രൂപപ്പെടുത്തുന്നതിനും താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്..