വിരൽപ്പഴുതിൽ ആകാശം തീർക്കുന്ന ഒരുവൾ

💕💕💕💕💕💕💕

✍🏻 ജൂഡി ഡി എം

ജീവിതത്തിന്റെ ഏറിയ പങ്കും വിരൽപഴുതിലൂടെ മാത്രം ആകാശം കണ്ടൊരു പെൺകുട്ടി വാക്കുകളിലൂടെയും വരകളിലൂടെയും വരച്ചിടുന്ന ഒരാകാശം എത്ര പ്രത്യാശാഭരിതമാണെന്നോ ?

ഒന്നനങ്ങാനോ ശ്വസിക്കാൻ പോലുമോ പരസഹായം ആവശ്യമായി വരുന്ന ഒരുവളുടെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നത് പ്രതീക്ഷ കൈവിടാൻ തയ്യാറല്ലാത്ത, ഏത് ഇരുളിലും ജീവിതത്തെ ചേർത്തുപിടിക്കുന്ന ഇച്ഛാശക്തിയാണ്.
ഇത്ര തന്നെ പ്രശ്നങ്ങൾ വേണമെന്നില്ല ഒരാൾക്ക് ദുഃഖം കൊണ്ടൊരു കടൽ തീർക്കാൻ !
പക്ഷേ സേബ എന്ന പെൺകുട്ടി അതിനൊരുക്കമല്ല.
താൻ മാത്രമല്ല ആരും ദുഖിക്കാതിരിക്കാനാണ് അവൾ എഴുതുന്നത്. ആർത്തലച്ചു വരുന്ന ദുരിതങ്ങളോട് പുഞ്ചിരിയോടെ തിരികെ പോകാൻ പറയാൻ അവൾ പഠിച്ചിട്ടുണ്ട്.
ദുഃഖം ഉള്ളിലുള്ളപ്പോഴും അതിനെ നർമ്മം കൊണ്ട് പ്രകാശിപ്പിക്കാനുള്ള വിദ്യകൾ അവൾ സ്വായത്തമാക്കിയിട്ടുണ്ട്.

വൈദ്യശാസ്ത്രം മരുന്നില്ലെന്ന് വിധിക്കുമ്പോഴും തനിക്കെല്ലാം നേരെയാക്കാൻ കഴിയുമെന്ന പ്രതീക്ഷ കൊണ്ടാണവൾ സ്വയം പ്രതിരോധം തീർക്കുന്നത്. ആദ്യം വീടും പിന്നെ സ്വന്തം മുറിയും കിടക്കയും തന്നെ ലോകമായി മാറിയ ഒരു പെൺകുട്ടി, എഴുത്തും കവിതയും ചിത്രങ്ങളും കൊണ്ട് വൈദ്യശാസ്ത്രം മരുന്നില്ലെന്ന് വിധിച്ച ഒരു രോഗത്തോട് പൊരുതി നിൽക്കുന്ന കാഴ്ച സേബയുടെ ‘വിരൽപഴുതിലെ ആകാശങ്ങളി’ൽ കാണാം. കടൽ കാണാൻ പുറത്തു പോകാൻ കഴിയാത്തതിനാൽ തോന്നുമ്പോഴൊക്കെ കാണാനായി കടൽ വരച്ചുവച്ച് അവൾ പ്രതീക്ഷയുടെ തന്നെ ഒരു കടലായി മാറുന്നു.

ജീവിതം ഒരു നീർക്കുമിളയായി മുന്നിൽ നിൽക്കുമ്പോൾ അതിൽ പ്രതിഫലിച്ചു കാണുന്ന ലോകത്തെ കൗതുകത്തോടെയും മറ്റാർക്കുമാവാത്ത ഭാവനാ മികവോടെയും കവിതയായും ചിത്രമായും കുറിപ്പുകളായും പകർത്താനാണ് അവളുടെ ശ്രമം. വീൽചെയറിനെ പറക്കാനുള്ള ചിറകാക്കുന്ന വിദ്യ അവൾക്ക് വശമുണ്ട്.

പ്രതീക്ഷകൊണ്ട് പ്രകാശം തീർക്കുന്ന ഒരുവൾ
നിറഞ്ഞ പ്രതീക്ഷകളാണ് ഇരുണ്ട ജീവിതത്തിന് വെളിച്ചമാവുന്നതെന്ന് സേബയുടെ ചെറു കുറിപ്പുകളും ചിത്രങ്ങളും നമ്മെ പഠിപ്പിക്കും.

കൈയ്പ്പുനീരിൽ മുങ്ങിപ്പോകുമായിരുന്ന ജീവിതത്തെ ഒരുവൾ പച്ചപ്പിന്റെ തുരുത്താക്കുന്നത് നോക്കുക .”വീട്ടിലിരിക്കുന്ന ഓക്സിജൻ സിലിണ്ടറിൽ ആദ്യം ഉപയോഗിച്ചിരുന്ന ഹ്യൂമിഡിഫയറിൽ പാതി നിറച്ചുവെച്ച വെള്ളത്തിലൂടെ ഓക്സിജൻ കുമിളകൾ പൊങ്ങി വരുമ്പോൾ കുളിരുള്ള ഒരു ശബ്ദം കേൾക്കാം.
അത് കേൾക്കുമ്പോൾ അരികിലെ ജനലിനപ്പുറം ഒരു കൊച്ചു അരുവി ഒഴുകുന്നതായി ഞാനും ഉമ്മിച്ചിയും സങ്കൽപ്പിക്കും. ഒഴുകുന്ന ആ അരുവിക്കപ്പുറം അകലെ അകലെ മഞ്ഞു പുതച്ച മലനിരകളും ഉദിച്ചുയർന്ന് കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനും എല്ലാം ഒത്തുചേർന്ന് ആ നിമിഷം മനസ്സിൽ വർണ്ണാഭമായ ഒരു ചിത്രം വിരിയിക്കും.

“ഓക്സിജൻ സിലിണ്ടറിലൂടെ അല്ലാതെ ശ്വസിക്കാൻ സാധിക്കാത്ത ഒരുവൾ അതിൽ നിന്നു വരുന്ന ശബ്ദത്തെ കാവ്യാത്മകമായ ഭാഷയിലും വർണാഭമായ ചിത്രത്തിലും ആവിഷ്കരിക്കുന്നതാണ് ….തന്റെ ജീവൻ നിലനിർത്തുന്ന ഒരു ജീവൻ രക്ഷോപകരണത്തിൽ നിന്നുള്ള ശബ്ദത്തെ പ്രകൃതിയുടെ സംഗീതമായും കാവ്യമായും മനോഹര ചിത്രമായും പരിണമിപ്പിക്കാൻ തക്ക മാന്ത്രിക ഭാവനയുള്ള ഒരുവൾ ! ഓക്സിജൻ സിലിണ്ടറിന്റെ പ്രചോദനം കൊണ്ട് അവൾ ജനലിനപ്പുറം തീർത്ത മനോഹരമായ ഭാവനാ ചിത്രം ആരെയാണ് സ്വപ്നം കാണാൻ പഠിപ്പിക്കാത്തത് !!

ചിരി കൊണ്ട് മുറിവുണക്കുന്നവൾ
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ബെഡിലോ വീൽചെയറിലോ കഴിയേണ്ടി വന്ന ഒരുവൾ ആ ദിനങ്ങളിലെ രോഗാനുഭവങ്ങൾ വിവരിക്കുമ്പോൾ പോലും വേദനാജനകമായേക്കാവുന്ന ആ ആവിഷ്ക്കാരങ്ങളെ നർമ്മ മധുരമാക്കാൻ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നത് കാണാം. “എനിക്ക് എപ്പോഴും ഓരോ പ്രശ്നങ്ങളാണ്. ജലദോഷം, പനി, ന്യുമോണിയ… ന്യൂമോണിയ മാറിയാൽ നെഞ്ചരിച്ചിലും ചർദ്ദിയും. ഇതൊക്കെ മാറിയാലോ , വെള്ളപ്പൊക്കവും പേമാരിയും ! ഇതൊന്നും പോരാതെ ഒരു മഹാമാരിയും! “നിലയ്ക്കാത്ത ദുരിത പെയ്ത്തിനെ കുറിച്ചുള്ള എഴുത്താണ് ! ശബ്ദമില്ലാതെ, ശ്വാസം കിട്ടാതെ ,കഫം തുപ്പാൻ കഴിയാതെ കോവിഡ് ബാധിച്ചു ഒറ്റയ്ക്കായി പോയ ആശുപത്രി വാസത്തെക്കുറിച്ച് പറയുന്നതുപോലും ‘ഒന്ന് ടൂർ പോയി വന്നപ്പോഴേക്കും പനിപിടിച്ചു ‘ എന്ന് പറയുന്ന ലാഘവത്തോടെയാണ്. ഇഷ്ടംപോലെ സംസാരിക്കാനും എഴുതാനുമുള്ള ശേഷിയു ണ്ടായിരുന്നെങ്കിൽ അവൾ നമ്മെ എത്ര ചിരിപ്പിച്ചേനെ !

2018ലെ പ്രളയത്തെ കിടക്കയിൽ കഴിഞ്ഞ ഒരുവൾ അതിജീവിച്ച കഥയും അനുഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ദുരിതം പെയ്തിറങ്ങിയ പ്രളയനുഭവങ്ങൾ അവസാനിക്കുന്നത് നോക്കുക – “ഉമ്മിച്ചി വെള്ളപ്പൊക്കം വന്നാലോ എന്ന് കരുതി ആദ്യമേ തന്നെ വാങ്ങി സ്റ്റോക്ക് ചെയ്തു വെച്ച അരിയും പലചരക്കും ഒക്കെ വെള്ളത്തിൽ മുങ്ങിപ്പോയി. പക്ഷേ പ്രളയാനന്തരം ചില ദുരിതാശ്വാസ കിറ്റുകൾ കിട്ടിയപ്പോൾ കുറച്ചൊരു ആശ്വാസമായി…” എന്നിങ്ങനെ ദുരന്താനുഭവങ്ങളെ പോലും നർമ്മ മധുരമാക്കുന്നുണ്ട്. എന്തിന് ! സിംഹത്തെ വരയ്ക്കുമ്പോൾ പോലും ചിരി ഒഴിവാക്കാൻ അവൾക്കാവുന്നില്ല.

‘തനിച്ചിരിക്കുമ്പോൾ ‘എന്ന കവിത നോക്കുക-
“തനിച്ചിരിക്കുമ്പോൾ
ഓർമ്മകൾ
വെട്ടിത്തെളിച്ച വീഥിതാണ്ടി
ഞാനൊരു യാത്ര പോകും.
യാത്രയിലുടനീളം നഷ്ടപ്പെട്ടതെല്ലാം
വീണ്ടും ഓരോന്നായി
കൂടെ കൂടും.
എന്നോ കണ്ട ഇടങ്ങളും മനസ്സിൽ മായാത്ത മൊഴികളും മറക്കാനാവാത്ത ചില മനുഷ്യരും
യാത്രയുടെ അവസാനം ഞാൻ
മറവിയുടെ മഞ്ഞുമൂടിയ താഴ്വാരങ്ങളിലെത്തിച്ചേരും.
കടന്ന കാലങ്ങളെ പൊതിഞ്ഞ മഞ്ഞിൽ മറഞ്ഞുപോയ സ്വപ്നങ്ങളെ ഓരോന്നായി ഞാൻ ഓർത്തെടുക്കും.
പിന്നെ വീണ്ടും ഓർത്തെടുത്ത സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനായി ഞാൻ തനിച്ചാണെന്ന
ദുഃഖം മറന്ന് തിരികെ നടക്കും “

ഒറ്റയ്ക്കാണെന്ന ദുഃഖത്തിലാണ് കവിത അവളെ കൂട്ടിക്കൊണ്ടുപോകുന്നതെങ്കിലും ആ ദുഃഖം മറന്ന് തിരികെ നടക്കാൻ അവൾ ശീലിച്ചിട്ടുണ്ട്.

ഒറ്റപ്പെടലും പ്രതീക്ഷയും പ്രണയമായി പൂക്കുന്ന മനോഹരമായ കവിതയാണ് ‘തോന്നൽ’

“അങ്ങനെ ചില നേരങ്ങളിലെങ്കിലും തോന്നാറുണ്ട്…
എങ്ങോട്ടെന്നിനിയും
പിടി തരാത്ത
തനിച്ചായ യാത്രയിൽ വേവുന്നൊരീ
ഒറ്റ വരിപ്പാതയിലെങ്ങോ ഓരത്ത്
വെളുത്ത ഒരു കുടയുമേന്തി
നീ
നിൽക്കുന്നുണ്ടെങ്കിലെന്ന്…

എന്റെ വരണ്ട കരങ്ങളിൽ നിന്റെ ചുണ്ടുകൾ
ചേരുമ്പോൾ
പ്രതീക്ഷകൾ വറ്റിയ നയനങ്ങളിൽ
വീണ്ടും
ഓർമ്മകളുടെ നനവ് പടർന്നെങ്കിലെന്ന്…

അതറിഞ്ഞു നീ നീട്ടിയ പുഞ്ചിരിയിൽ
ഒരു ഞൊടിയിൽ
ഞാനെന്റെ മനസ്സിലെ ആശങ്കകൾ
മറന്നു പോയെങ്കിലെന്ന്….
അങ്ങനെയെനിക്ക് ചില നേരങ്ങളിലെങ്കിലും തോന്നാറുണ്ട്….

ശ്വാസം മുട്ട് വന്നാൽ സംസാരിക്കാൻ കഴിയാത്ത, ഒന്നനങ്ങാൻ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന, യന്ത്ര സഹായത്താൽ ജീവൻ നിലനിർത്തുന്ന ഒരാൾ മണിക്കൂറുകൾ എടുത്ത് മൊബൈലിൽ വായിക്കുന്നതും ചിത്രങ്ങൾ വരയ്ക്കുന്നതും കവിതയും അനുഭവക്കുറിപ്പുകളും മെഴുതുന്നതും അത്ഭുതത്തോടെയേ നോക്കിക്കാണാൻ കഴിയൂ. എന്നാൽ അതിനൊന്നും കഴിഞ്ഞിരുന്നില്ലെങ്കിൽ ജീവിതം എത്രമേൽ വിരസമായേനെ എന്ന ചിന്തയാണ് സേബയുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നത്.

സെബ സലാം – ബാല്യകാല ചിത്രം
രോഗങ്ങളോട് തോറ്റു പിന്മാറാനോ പ്രതീക്ഷ കൈവിടാനോ മനസ്സില്ലാത്ത ഒരുവൾ വേദനാ നിർഭരമായ ജീവിതത്തെ നോക്കിക്കാണുന്നതും വ്യാഖ്യാനിക്കുന്നതും എന്നും മറ്റുള്ളവർക്കുള്ള ജീവിത പാഠമാണ്.

‘കൂടുതൽ സ്ട്രഗിൾ ചെയ്താലെന്താ, അത്രയും ജീവിക്കാലോ ‘എന്ന ചിന്തയാണ് അവളെ മുന്നോട്ടു നയിക്കുന്നത്. ഒടുങ്ങാത്ത ആശുപത്രി വാസവും വെന്റിലേറ്ററിലെ ജീവിതവും സഹിയാതെ ഒന്ന് കരഞ്ഞു പോയാൽ, (റെസ്പിറേറ്ററി നിരക്ക് സാധാരണ മനുഷ്യരുടെതിനേക്കാൾ ഇരട്ടിയാവും എന്നതുകൊണ്ട് അവൾക്ക് കരയാൻ പോലും ആവില്ലെങ്കിലും) കരയുന്നതുകൊണ്ട് നിലവിലെ അവസ്ഥ കൂടുതൽ മോശമാകുമെങ്കിൽ കരയുന്നതെന്തിന്, ചിരിച്ചൂടെ എന്ന മട്ടാണവൾക്ക്.
ശ്വാസംമുട്ട് കുറഞ്ഞു നിൽക്കുന്ന സമയങ്ങളിൽ ട്രാക്കിയൊസ്റ്റമി ട്യൂബ് അടച്ചു വയ്ക്കുമ്പോഴെങ്കിലും സംസാരിക്കാമല്ലോ എന്ന സന്തോഷം, വാതോരാതെ സംസാരിച്ച് മറ്റുള്ളവരെ മടുപ്പിക്കുന്നവർക്ക് മനസ്സിലാകണമെന്നില്ല.

വലിയ പ്രയാസങ്ങളിൽ ആണ്ടു കിടക്കുന്ന ഒരുവൾ നോവിനെയും പുഞ്ചിരി കൊണ്ടുണക്കുന്ന കാഴ്ചകൾ വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും. പക്ഷേ അതറിഞ്ഞാൽ അവൾക്ക് വിഷമമാകുമല്ലോ എന്നോർത്ത് അവൾക്കൊപ്പം ഏത് നോവിനെയും പുഞ്ചിരിയോടെ നേരിടാൻ നമ്മളും പഠിക്കും.

സേബ അവളുടെ ഓർമ്മകൾ, അനുഭവങ്ങൾ ഒക്കെ പങ്കുവയ്ക്കുന്നത് ആരിൽ നിന്നും സഹതാപം പ്രതീക്ഷിച്ചല്ല. തന്നെപ്പോലെ എണീറ്റിരിക്കാൻ പോലുമാകാതെ കിടക്കയിൽ കഴിയേണ്ടിവരുന്ന, ശ്വാസമെടുക്കുന്നത് പോലും ബുദ്ധിമുട്ടാവുന്ന, സംസാരിക്കാൻ പോലും കഴിയാതെ ജീവിതം വഴിമുട്ടി പോകുന്ന അനേകരുടെ അവസ്ഥയ്ക്ക് അല്പമെങ്കിലും മാറ്റമുണ്ടാകണമെന്ന ചിന്ത കൊണ്ടാണ്. അതുകൊണ്ടാണവൾ ആശുപത്രിക്കിടക്കയിൽ ആൽഫബെറ്റിക്കൽ ബോർഡ് ഉപയോഗിച്ച് താനുമായി ആശയവിനിമയം നടത്തിയ സിസ്റ്ററെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നത്. ലോകത്തിൽ ഏറ്റവും നിസ്സഹായാവസ്ഥയിൽ കഴിയുന്ന മനുഷ്യരെ വാക്കുകൾ കൊണ്ട് കുറച്ചുകൂടി പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിയിടുന്ന മനുഷ്യരെക്കുറിച്ച് അവൾ പറയുന്നത് , ആരും അങ്ങനെ ആവരുത് എന്നാഗ്രഹിച്ചിട്ടാണ്.

അത്യന്തം നിസ്സഹായാവസ്ഥയിൽ ആയിരിക്കുമ്പോഴും തന്നെക്കാൾ നിസ്സഹായാവസ്ഥയിലുള്ള മനുഷ്യരെക്കുറിച്ച് ചിന്തിക്കാനും അവർക്കുവേണ്ടി എഴുതാനും കഴിയുന്നു എന്നത് എത്ര മഹത്തരമാണ് !

“സ്പൈനൽ മസ്കുലർ അട്ട്രൊഫി ബാധിച്ചവരെ സുഖപ്പെടുത്താൻ ലഭ്യമായ എല്ലാ മരുന്നുകളും ആവശ്യമുള്ള എല്ലാവർക്കും ഉടൻ ലഭ്യമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. SMA ബാധിതർക്ക് ഉചിതമായ പിന്തുണയും പുനരധിവാസ സൗകര്യങ്ങളും നൽകുന്നതിനുള്ള മാർഗങ്ങൾ സർക്കാർ ഉടൻ കണ്ടെത്തിനടപ്പിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു .” എത്ര പ്രത്യാശഭരിതമാണ് അവളുടെ വാക്കുകൾ! സേബയുടെ ‘വിരൽപഴുതിലെ ആകാശങ്ങൾ ‘നമ്മൾ വായിക്കേണ്ടതുണ്ട്. കുറച്ചുകൂടി നല്ല മനുഷ്യരാകാൻ അത് നമ്മെ സഹായിക്കും.

പ്രത്യാശ അതിജീവനം തുടങ്ങിയ പദങ്ങൾക്ക് പര്യായമായി സേബ എന്നൊരു ശബ്ദം കൂടി മലയാളത്തിൽ ഉൾ ചേരുകയാണ്. വീൽ ചെയരിൽ മുറിയൊന്നു കറങ്ങി വരുമ്പോഴേക്കും ഒരു ടൂറ് കഴിഞ്ഞു വന്നതായി ഭാവന ചെയ്യുന്ന പ്രതിഭ.

പ്രിയങ്കരിയായ
സേബ സലാമിനെ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വനിതാ ഫോറം , ഈ വനിതാ ദിനത്തിൽ ചേർത്തു പിടിക്കുന്നു. 💕💐

Leave a Reply