പോളിംഗ് സ്റ്റേഷൻ സജ്ജീകരിക്കൽ
വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്തിന് കുറഞ്ഞത് 12 മണിക്കൂറെങ്കിലും മുൻപെ പോളിംഗ് സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് പോളിംഗ് ടീമിൻ്റെ യാത്രാ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഇപ്രകാരം പോളിംഗ് സ്റ്റേഷനിലെത്തുന്നുവെന്ന് ടീമംഗങ്ങളെല്ലാം ഉറപ്പാക്കേണ്ടതാണ്. പ്രിസൈഡിംഗ് ഓഫീസറുടെ പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണ് പോളിംഗ് സ്റ്റേഷൻ സജ്ജീകരിക്കുകയെന്നത്. ഇതിനായി പോളിംഗ്സ്റ്റേഷനു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ, പോളിംഗ് സ്റ്റേഷൻ നേരത്തേ തന്നെ സജ്ജീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതാണ്.
പോളിംഗ് സ്റ്റേഷൻ സജ്ജീകരിക്കുമ്പോൾ പ്രിസൈഡിംഗ് ഓഫീസർ താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിട ഭാഗവും അതിനു ചുറ്റുവട്ടത്ത് 100/200 മീറ്റർ അകലം വരെയുള്ള ഭാഗങ്ങളും പ്രിസൈഡിംഗ് ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കും. പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിട ഭാഗവും അതിനു ചുറ്റുവട്ടത്ത് പഞ്ചായത്തിന്റെ കാര്യത്തിൽ 200 മീറ്ററും മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ 100 മീറ്ററും അകലം വരെയുള്ള ഭാഗങ്ങളും പ്രിസൈഡിംഗ് ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കും.
മേൽപ്പറഞ്ഞ പ്രദേശത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുദ്രാവാക്യങ്ങളോ മറ്റു പരസ്യങ്ങളോ പ്രദർശിപ്പിക്കുവാൻ അനുവദിക്കരുത്. അത്തരത്തിൽ എന്തെങ്കിലും ആ പ്രദേശത്ത് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യിക്കേണ്ടതാണ്. ഒരു സ്വകാര്യ കെട്ടിടത്തിലാണ് പോളിംഗ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളതെങ്കിൽ പോളിംഗ് സ്റ്റേഷനിലോ അതിൻ്റെ ചുറ്റുവട്ടത്ത് അതതു സംഗതിപോലെ 100/200 മീറ്റർ അകലം വരെയുള്ള ഭാഗങ്ങളിലോ ഉടമസ്ഥനുമായി ബന്ധപ്പെട്ട സായുധരോ നിരായുധരോ ആയ കാവൽക്കാരോ മറ്റാളുകളോ ഉണ്ടായിരിക്കുവാൻ അനുവദിച്ചു കൂടാ. പോളിംഗ് സ്റ്റേഷനിലെയും മേല്പറഞ്ഞ പ്രദേശത്തിനുള്ളിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല പൂർണ്ണമായും പ്രിസൈഡിംഗ് ഓഫീസറുടെ നിയന്ത്രണത്തിലുള്ള പോലീസിൻ്റെ ഉത്തരവാദിത്വമായിരിക്കും. പോളിംഗ് സ്റ്റേഷനകത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേതാവിൻ്റെ ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യേണ്ടതാണ്.
പോളിംഗ് സ്റ്റേഷന് വെളിയിൽ ആളുകൾക്ക് വ്യക്തമായി കാണത്തക്ക വിധം ഫാറം നമ്പർ എൻ 7 ഉം ഫാറം നമ്പർ എൻ 8 ഉം പ്രദർശിപ്പിക്കേണ്ടതാണ്.
നോട്ടീസ് പ്രദർശിപ്പിക്കൽ ഫാറം – നമ്പർ എൻ 7
പോളിംഗ് പ്രദേശം വ്യക്തമാക്കുന്നതും പോളിംഗ് സ്റ്റേഷൻ ഏതൊക്കെ വോട്ടർമാർക്കുവേണ്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതും ആയ നോട്ടീസ്

ഫാറം എൻ 8 മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ വിവരം (ഫാറം 6 ൽ നൽകിയിരിക്കുന്നത് പോലെ)


പ്രിസൈഡിംഗ് ഓഫീസർക്കും പോളിംഗ് ടീമിനും ഒരു സമയം ഓരോ സ്ഥാനാർത്ഥിയുടെയും ഒരു പോളിംഗ് ഏജൻ്റിനും പോളിംഗ് സ്റ്റേഷനകത്ത് ഇരിപ്പിടം സജ്ജമാക്കേണ്ടതാണ്. സമ്മതിദായകൻ വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് കാണാൻ കഴിയാത്ത വിധത്തിൽ പോളിംഗ് ഉദ്യോഗസ്ഥന്മാരുടെയും പോളിംഗ് ഏജന്റുമാരുടെയും ഇരിപ്പിടം ക്രമീകരിക്കണം.
പോളിങ്ങ് സ്റ്റേഷന്റെ മാതൃക

പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന സമ്മതിദായകന്റെ മുഖം കാണത്തക്കവിധത്തിൽ പോളിംഗ് ഏജന്റുമാരെ ഇരുത്തേണ്ടതാണ്. അവർക്ക് ആവശ്യമെങ്കിൽ സമ്മതിദായകന്റെ ഐഡന്റിറ്റി ചലഞ്ച് ചെയ്യുവാനും സാധിക്കണം. അതുപോലെ പ്രിസൈഡിംഗ് ഓഫീസറുടെയും കൺട്രോൾ യൂണിറ്റ് കൈകാര്യം ചെയ്യുന്ന മൂന്നാം പോളിംഗ് ഓഫീസറുടെയും മേശപ്പുറത്ത് നടക്കുന്ന കാര്യങ്ങൾ കാണുവാനും പോളിംഗ് ബൂത്തിനകത്ത് പ്രവേശിക്കുന്നത് മുതൽ പുറത്തേയ്ക്കു പോകുന്നതുവരെയുള്ള വോട്ടറുടെ നീക്കം കാണുവാനും അവർക്ക് കഴിയണം.
സമ്മതിദായകർക്ക് പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുന്ന സമയം മുതൽ പുറത്തുപോകുന്ന സമയം വരെ അനായാസം നീങ്ങുവാൻ കഴിയണം, പോളിംഗ് സ്റ്റേഷനുള്ളിൽ വിലങ്ങനെയുള്ള നീക്കങ്ങൾ ഉണ്ടാകുവാൻ പാടില്ല. സമ്മതിദായകർക്ക് പോളിംഗ് സ്റ്റേഷനകത്ത് പ്രവേശിക്കുവാനും പുറത്തുപോകുവാനും പ്രത്യേകം വാതിലുകൾ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ പോളിംഗ് സ്റ്റേഷൻ സജ്ജീകരിക്കുന്ന കെട്ടിടത്തിൽ ഒരു വാതിൽ മാത്രമേ ഉള്ളുവെങ്കിൽ ഒരു കയർ കെട്ടിയോ മറ്റേതെങ്കിലും രീതിയിലോ വേർതിരിച്ച് അതേ വാതിലിലൂടെ പ്രവേശിക്കുവാനും പുറത്തുപോകുവാനുമുള്ള സംവിധാനമുണ്ടാക്കേണ്ടതാണ്.
വേണ്ടത്ര വെളിച്ചം ലഭ്യമായ ഭാഗത്തു വേണം വോട്ടിംഗ് കമ്പാർട്ട്മെൻ്റ് സ്ഥാപിക്കേണ്ടത്. പ്രകൃതിദത്തമായ വെളിച്ചം പര്യാപ്തമല്ലെങ്കിൽ മറ്റു സംവിധാനങ്ങൾ ഏർപ്പാടാക്കേണ്ടതാണ്. എന്നാൽ സമ്മതിദായകർ വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് മറ്റുള്ളവർ കാണാത്ത വിധത്തിലായിരിക്കണം വോട്ടിംഗ് കമ്പാർട്ട്മെന്റ്റ് സജ്ജീകരിക്കേണ്ടത്. വോട്ടിംഗ് കമ്പാർട്ട്മെന്റ് ജനലിനോ വാതിലിനോ തൊട്ടടുത്ത് സ്ഥാപിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
ബാലറ്റ് യൂണിറ്റുകൾ വോട്ടിംഗ് കമ്പാർട്ട്മെന്റിനുള്ളിൽ ഒരു മേശപ്പുറത്ത് സ്ഥാപിക്കണം. ബാലറ്റ് യൂണിറ്റിൽ സ്ഥിരമായി ഘടിപ്പിച്ചിട്ടുള്ള കണക്ടിങ് കേബിൾ, വോട്ടിംഗ് കമ്പാർട്ട്മെന്റിന്റെ പിൻഭാഗത്തുനിന്ന് താഴെയായി ഉണ്ടാക്കിയ ഒരു സുഷിരത്തിലൂടെ പുറത്തേയ്ക്ക് എത്തിക്കണം. അങ്ങനെ കേബിൾ പുറത്തേക്ക് വരുന്ന ബാലറ്റ് യൂണിറ്റിൻ്റെ ഭാഗം പുറത്തു നിന്ന് ദൃശ്യമാകും വിധം വലിപ്പമുള്ളതായിരിക്കണം ഈ സുഷിരം. വോട്ടിംഗ് കമ്പാർട്ട്മെന്റിനുള്ളിൽ ഒരു വോട്ടറും കേബിളിൽ കൃത്രിമം കാണിക്കാനോ കേടുവരുത്താനോ ശ്രമിക്കാതിരിക്കാൻ ഇത് ആവശ്യമാണ്. എന്നാൽ വോട്ടിംഗ് കമ്പാർട്ട്മെന്റ്റിലെ ഈ സുഷിരം വോട്ടിങ്ങിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുന്ന തരത്തിൽ വലുതാകാനും പാടില്ല.
പോളിംഗ് സ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കേണ്ടതും ഉപയോഗശൂന്യമായ തുണി, പേപ്പർ, കേടായ ഫർണിച്ചർ തുടങ്ങിയ പാഴ് വസ്തുക്കൾ അകത്ത് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്. കൺട്രോൾ യൂണിറ്റിനെയും ബാലറ്റ് യൂണിറ്റിനെയും ബന്ധിപ്പിക്കുന്ന കേബിൾ സമ്മതിദായകരുടെ സഞ്ചാരം തടസ്സപ്പെടുന്ന രീതിയിലാകരുത്. സുതാര്യത ഉറപ്പാക്കുന്നതിനായി, കൺട്രോൾ യൂണിറ്റിനെയും ബാലറ്റ് യൂണിറ്റിനെയും ബന്ധിപ്പിക്കുന്ന കേബിൾ പൂർണ്ണമായും ദൃശ്യമാകുന്ന തരത്തിൽ വേണം ക്രമീകരിക്കാൻ.
ഒരു കെട്ടിടത്തിൽ ഒന്നിലധികം പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ള പക്ഷം ഓരോ പോളിംഗ് സ്റ്റേഷനിലെയും സമ്മതിദായകരെ വേർതിരിച്ച് നിർത്തുന്നതിനുള്ള ഏർപ്പാട് ചെയ്യേണ്ടതാണ്. പോളിംഗ് സ്റ്റേഷന് വെളിയിൽ കാത്തുനിൽക്കുന്നതിന് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യമൊരുക്കേണ്ടതാണ്. വെബ് കാസ്റ്റിംഗ്/വീഡിയോഗ്രഫി ഏർപ്പെടുത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ അതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്നതിനായി ലഭിക്കുന്ന കെട്ടിടം കേടുവരുത്തുന്ന രീതിയിലുള്ള യാതൊരു പ്രവർത്തനവും പോളിംഗ് ടീമിൻ്റെ ഭാഗത്തു നിന്നുണ്ടാകുവാൻ പാടില്ല.
ഈ വിവരങ്ങൾ പ്രിസൈഡിംഗ് ഓഫീസർക്കുള്ള കൈപ്പുസ്തകത്തിൽ (Presiding Officer’s Handbook) നിന്നുള്ളതാണ്. ഈ വിവരങ്ങളെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വരണാധികാരി / സെക്ടറൽ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.