MEDISEP PHASE II

🏥 മെഡിസെപ് രണ്ടാം ഘട്ടം: പ്രധാന വിവരങ്ങൾ

മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ജനുവരി 1 മുതൽ നിലവിൽ വരും. ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിബന്ധനകളിലും വ്യവസ്ഥകളിലും കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

  • പ്രാബല്യം: 2026 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെ.
  • ഇൻഷുറൻസ് പരിരക്ഷ: 5 ലക്ഷമായി ഉയർത്തും.
  • നടപ്പിലാക്കുന്നത്: ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് വഴി തന്നെ.
  • മാസ പ്രീമിയം: പ്രതിമാസം ₹810/- ആയി വർദ്ധിപ്പിക്കും.

💰 പ്രീമിയം കിഴിവ് (Deduction of Premium)

  • ജീവനക്കാർ: വർദ്ധിപ്പിച്ച പ്രീമിയം (₹810/-) 2025 ഡിസംബർ മാസത്തെ ശമ്പളത്തിൽ നിന്ന് കുറയ്ക്കും. MEDISEP ഒന്നാം ഘട്ടത്തിന്റെ പ്രീമിയം 2025 ഡിസംബർ മുതൽ ശമ്പളത്തിൽ നിന്ന് ഈടാക്കും.
  • പെൻഷൻകാർ: പുതുക്കിയ പ്രീമിയം (₹810/-) 2026 ജനുവരി മാസത്തെ മൊത്ത പ്രതിമാസ പെൻഷനിൽ നിന്ന് കുറയ്ക്കും.
  • വാർഷിക പ്രീമിയം: 2026-2027 ലെ ആദ്യ പോളിസി കാലയളവിൽ വാർഷിക പ്രീമിയം Rs. 8237 + 18% GST ആയിരിക്കും.

പുതുക്കിയ പ്രതിമാസ പ്രീമിയത്തിന്റെ കിഴിവ് ആരംഭിക്കുന്നതിനായി SPARK, സർവകലാശാലകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രഷറി വകുപ്പ് എന്നിവ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

📜 പ്രധാന സവിശേഷതകൾ

  1. കാലാവധി: മെഡിസെപ് പദ്ധതി 01-01-2026 മുതൽ 31-12-2028 വരെ രണ്ട് വർഷത്തെ ബ്ലോക്ക് കാലയളവിലേക്ക് പ്രവർത്തനക്ഷമമായിരിക്കും.
  2. ഇൻഷുറർ: പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സാങ്കേതികമായി യോഗ്യതയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് സാമ്പത്തിക നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ട്, റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഈ പദ്ധതിയുടെ സേവനം തുടർന്നും നൽകും.
  3. അധികാരപ്പെടുത്തൽ: കരാറിൽ ഏർപ്പെടുന്നതിന് ഒന്നാം കക്ഷിയുടെ (കേരള സർക്കാർ) പേരിൽ കരാറിൽ ഒപ്പിടാൻ യോഗ്യതയുള്ള ഉദ്യോഗസ്ഥനായി സെക്രട്ടറി (ധനകാര്യ ചെലവ്)-നെ അധികാരപ്പെടുത്താനുള്ള അനുമതി നൽകിയിരിക്കുന്നു.
  4. പദ്ധതിയുടെ സമഗ്ര സവിശേഷതകൾ വിശദീകരിക്കുന്ന ഒരു പ്രത്യേക ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.

🚫 ഒഴിവാക്കപ്പെടുന്നവരും ഒഴിവാക്കലുകളും

ഒഴിവാകുന്നവർ:

  • പ്രൊവിഷണൽ ടീച്ചർമാർ: പ്രൊവിഷണലായി അംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ മെഡിസെപ് നിർത്തലാക്കും. ഇവർക്ക് സ്ഥിരനിയമനം ലഭിക്കുമ്പോൾ മാത്രമേ മെഡിസെപ്പിന് അർഹതയുണ്ടാകൂ. അത്തരം അധ്യാപകരുടെ നിയമന അംഗീകാരം റെഗുലറൈസ് ചെയ്യുമ്പോൾ മെഡിസെപ്പിൽ വീണ്ടും ചേർക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അപ്ഡേഷൻ സ്പാർക്കിൽ ഉടൻ വരും.

മെഡിസെപ് ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശ്ശികയും ഈടാക്കുന്നതിൽ നിന്നുള്ള ഒഴിവാക്കൽ:

  • പുതിയ ജീവനക്കാർ: 19.05.2025-ന് ശേഷം സേവനത്തിൽ പ്രവേശിച്ച ജീവനക്കാരെ മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുകയും, ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശ്ശികയും ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
  • പുതിയ പ്രൊഫൈൽ: 19-05-2025-ന് ശേഷം മാത്രം മെഡിസെപ് പ്രൊഫൈൽ ചെയ്തവർ (Add option വഴി) ഡാറ്റ വെരിഫൈ ചെയ്തവർ, 19.05.2025-ന് ശേഷം സേവനത്തിൽ പുതുതായി പ്രവേശിച്ച ജീവനക്കാർ എന്നിവരെ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നതാണ്. ഇതിനായി ടി ജീവനക്കാരുടെ ഡാറ്റ DDO-മാർ കൃത്യമായി അപ്ഡേറ്റ് ചെയ്ത് വെരിഫൈ ചെയ്യേണ്ടതാണ്.

🔙 റീഫണ്ട് നടപടിക്രമം

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മെഡിസെപ് പ്രീമിയം, കുടിശ്ശിക എന്നിവ ഈടാക്കിയിട്ടുള്ള സാഹചര്യത്തിൽ, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ഈടാക്കിയ തുക റീഫണ്ട് ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി:

  1. ജീവനക്കാരൻ പ്രൊഫോർമ പൂരിപ്പിച്ച് ബാങ്ക് പാസ്സ്ബുക്കിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടുന്ന പേജിന്റെ കോപ്പി സഹിതം ഓഫീസ്‌തലവന് സമർപ്പിക്കണം.
  2. ഓഫീസ് തലവൻ രേഖകൾ പരിശോധിച്ച ശേഷം ആമുഖ കത്തോടെ ധനകാര്യ വകുപ്പിന് അയച്ചു കൊടുക്കേണ്ടതാണ്.
  3. കത്ത് അയക്കേണ്ട വിലാസം:

State Nodal Officer

State Nodal Cell-MEDISEP, Finance Department, Government Secretariat, Thiruvananthapuram.

Leave a Reply