വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ പ്രവർത്തനം (കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026)
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാർക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക സൗകര്യമാണ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (VFC).
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ ഘടനയും പ്രവർത്തനരീതിയും

ഘടനാപരമായ സവിശേഷതകൾ
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ സാധാരണ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്ക് സമാനമായ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമില്ലാതെ വോട്ട് ചെയ്യാനുള്ള അവസരം നൽകുന്നു. പരിശീലന കേന്ദ്രങ്ങളിലാണ് VFC-കൾ പ്രവർത്തിക്കുക. ഈ കേന്ദ്രങ്ങളിൽ വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനായി പ്രത്യേക വോട്ടിംഗ് കമ്പാർട്ടുമെന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ബാലറ്റുകൾ നിക്ഷേപിക്കുന്നതിന് ബാലറ്റ് ബോക്സ് ഇവിടെ ലഭ്യമായിരിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു നോഡൽ ഓഫീസറെയും ആവശ്യമായ മറ്റ് ഉദ്യോഗസ്ഥരെയും ഓരോ കേന്ദ്രത്തിലും നിയമിച്ചിട്ടുണ്ട്. സഹായത്തിനായി ഒരു ഹെൽപ്പ് ഡെസ്ക് സൗകര്യവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
പ്രവർത്തന രീതിയും വോട്ടിംഗ് നടപടികളും
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയുള്ള വോട്ടിംഗ് പ്രധാനമായും പോസ്റ്റൽ ബാലറ്റ് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് ഫോം 12 (Form 12) വഴി പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാം. രണ്ടാം ഘട്ട പരിശീലനം ആരംഭിക്കുന്നത് മുതൽ കൃത്യമായ സമയക്രമത്തിൽ (രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ) ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വോട്ട് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ തിരഞ്ഞെടുപ്പ് ഐഡി കാർഡോ ഡ്യൂട്ടി ഓർഡറോ ഹാജരാക്കി തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കണം. ശേഷം, ബന്ധപ്പെട്ട രജിസ്റ്ററിൽ ഒപ്പിട്ട് ബാലറ്റ് പേപ്പർ കൈപ്പറ്റാം. പോസ്റ്റൽ ബാലറ്റിനൊപ്പമുള്ള ഡിക്ലറേഷൻ അറ്റൻ്റ്റ് ചെയ്യുന്നതിനായി ഒരു ഉദ്യോഗസ്ഥൻ ഈ കേന്ദ്രത്തിൽ ഉണ്ടായിരിക്കും. വോട്ടിംഗ് കമ്പാർട്ടുമെന്റിൽ വെച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം, ബാലറ്റ് പേപ്പർ നിർദ്ദേശിച്ചിട്ടുള്ള വിവിധ കവറുകളിൽ (Form 13A, 13B, 13C) കൃത്യമായി ഉള്ളടക്കം ചെയ്ത് സീൽ ചെയ്ത് ബാലറ്റ് ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്.
നടപടിക്രമങ്ങൾ
തിരിച്ചറിയൽ : വോട്ട് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥൻ തന്റെ ഇലക്ഷൻ ഐഡി കാർഡോ (EPIC) അല്ലെങ്കിൽ ഔദ്യോഗികമായ ഇലക്ഷൻ ഡ്യൂട്ടി ഓർഡറോ (Election Duty Order) പരിശോധനയ്ക്കായി ഹാജരാക്കണം.
രജിസ്റ്റർ ഒപ്പിടൽ : തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, ബാലറ്റ് പേപ്പർ കൈപ്പറ്റുന്നതിന് മുൻപായി ബന്ധപ്പെട്ട വോട്ടർ രജിസ്റ്ററിൽ ഉദ്യോഗസ്ഥൻ ഒപ്പിടേണ്ടതാണ്.
ഡിക്ലറേഷൻ ഫോം സാക്ഷ്യപ്പെടുത്തൽ (Attestation) : പോസ്റ്റൽ ബാലറ്റിനോടൊപ്പമുള്ള ഫോം 13A-യിലെ സത്യപ്രസ്താവന (Declaration) നിർബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ഓരോ ഫെസിലിറ്റേഷൻ സെന്ററിലും ഗസറ്റഡ് ഓഫീസർമാരുടെയോ നോഡൽ ഓഫീസർമാരുടെയോ സേവനം ലഭ്യമായിരിക്കും. ഉദ്യോഗസ്ഥർക്ക് അവിടെ വെച്ച് തന്നെ ഈ ഫോം സാക്ഷ്യപ്പെടുത്തി വോട്ടിംഗ് നടപടികൾ പൂർത്തിയാക്കാം.
വോട്ട് രേഖപ്പെടുത്തൽ : സാക്ഷ്യപ്പെടുത്തിയ ഫോമിനും ബാലറ്റ് പേപ്പറിനുമൊപ്പം വോട്ടിംഗ് കമ്പാർട്ടുമെന്റിലേക്ക് പോയി അതീവ രഹസ്യമായി വോട്ട് രേഖപ്പെടുത്താം.
കവറുകളിൽ ഉള്ളടക്കം ചെയ്യൽ : വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ആദ്യം ചെറിയ കവറിലും (Form 13B), സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും (Form 13A) ആ ചെറിയ കവറും കൂടി വലിയ കവറിലും (Form 13C) കൃത്യമായ ക്രമത്തിൽ ഉള്ളടക്കം ചെയ്യണം.
സീൽ ചെയ്യലും നിക്ഷേപിക്കലും : കവറുകൾ കൃത്യമായി സീൽ ചെയ്ത ശേഷം അവിടെ സജ്ജീകരിച്ചിട്ടുള്ള ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുന്നതോടെ വോട്ടിംഗ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.
സുതാര്യതയും മേൽനോട്ടവും
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെ എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും സുതാര്യവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മേൽനോട്ടത്തിലുമാണ് നടക്കുന്നത്. ഓരോ ദിവസത്തെയും പോളിംഗ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും, തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബാലറ്റ് ബോക്സുകൾ സുരക്ഷിതമായി സീൽ ചെയ്ത് അതാത് മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിനുള്ള നടപടികളും കർശനമായി പാലിക്കുന്നു. വോട്ടിംഗിന്റെ ഓരോ ഘട്ടത്തിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് വഴി, ഒരു ഉദ്യോഗസ്ഥന് പോലും തങ്ങളുടെ ജനാധിപത്യപരമായ അവകാശം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ സാധിക്കുന്നു.
നിയമസഭ ഇലക്ഷൻ 2026 – പോളിങ്ങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റിന് നാളെ മുതൽ അപേക്ഷിക്കാം.
1. ഡ്യൂട്ടി ഒഴിവാക്കാനുള്ള അപേക്ഷ
2. പോസ്റ്റൽ ബാലറ്റ് അപേക്ഷ
3. Part No., Sl. No. എന്നിവ കണ്ടെത്തുന്ന വിധം
Click here to read more.