KHADER COMMITTE EXPENSES

സർക്കാർ സമിതികളിലെ അംഗങ്ങൾക്ക് ലോട്ടറി..
ഒരാൾക്കു മാത്രം ലഭിച്ചത് 42 ലക്ഷം!

ഒരാളെത്തന്നെ വിവിധ സമിതികളിൽ ഉൾപ്പെടുത്തി ഏഴു വർഷം കൊണ്ടു സർക്കാർ ഖജനാവിൽനിന്നും വാരിക്കോരി കൊടുത്തത് 42.5 ലക്ഷം രൂപ. 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് സർക്കാർ നിയമിച്ച വിദഗ്‌ധ സമിതികളിലെല്ലാം അംഗമായാണ് ഒരാൾ മാത്രം അരക്കോടി രൂപയ്ക്കടുത്ത് കൈപ്പറ്റിയിട്ടുള്ളത്. സി. രാമകൃഷ്‌ണൻ (റിട്ട. പ്രിൻസിപ്പൽ) തന്നെ വിവിധ കമ്മിറ്റികളിൽ അംഗമായതിൽ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ധൂർത്ത് വിവരം കുടി പുറത്തുവരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ കമ്മിറ്റികളിൽ നിയമിച്ച സി. രാമകൃഷ്ണൻ മാത്രം 2017 മുതലുള്ള കാലയളവിൽ കൈപ്പറ്റിയത് 42,62,177 രൂപയാണ്. വിവിധ പ്രവർത്തനങ്ങൾക്ക് ചെലവായ തുകയെക്കുറിച്ച് നിയമസഭാംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമായത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം, വിദ്യാകിരണം, കരിക്കുലം കമ്മിറ്റിയുടെ സ്‌റ്റിയറിങ് കമ്മിറ്റി, ഖാദർ കമ്മിറ്റി, പാഠ്യപദ്ധതി പരിഷ്ക്കരണ കമ്മിറ്റി, കെ.ഇ.ആർ. പരിഷ്ക്കരണ കമ്മിറ്റി, പാഠ്യപദ്ധതി പരിഷ്ക്കരണ കമ്മിറ്റി, പുസ്തക നിർമാണം തുടങ്ങിയ വിവിധ കമ്മിറ്റികളിൽ ഒരാളെത്തന്നെ സർക്കാർ നിയമിക്കുന്നത് ശരിയല്ലെന്നാണ് അധ്യാപക സംഘടനകളുടെ വാദം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ വിദ്യാഭ്യാസ വിദഗ്‌ധനായിരുന്ന ഡോ. സി. രാമകൃഷ്‌ണന് 2017 മുതൽ 2021 വരെയുള്ള കാലയളവിൽ ശമ്പളമായി 24,32,266 ലക്ഷം രൂപയും യാത്രാ ബത്തയായി 1,15,986 രൂപയും നൽകിയിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി സർക്കാർ ആരംഭിച്ച വിദ്യാകിരണം പദ്ധതിയുടെ അസിസ്‌റ്റന്റ് കോ-ഓർഡിനേറ്ററായും സി. രാമകൃഷ്ണൻ പ്രവർത്തിച്ചു. ശമ്പളയിനത്തിൽ 12,42,000 രൂപയും യാത്രാ ബത്തയായി 38180 രൂപയും അനുവദിച്ചിട്ടുണ്ട്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചപ്പോൾ തന്നെ ഇദ്ദേഹത്തെ സ്‌കൂൾ ഏകീകരണ കോർ കമ്മിറ്റി അംഗമായും നിയമിച്ചു. ഇതിന്റെ സിറ്റിങ് ഫീസായി 1,96,000 രൂപയും യാത്രാബത്തയായി 61.476 രൂപയും തിരുവനന്തപുരത്തിനു പുറത്തു നടന്ന സിറ്റിങ്ങുകളിൽ പങ്കെടുത്തതിനു 9431 രൂപയും സർക്കാർ അനുവദിച്ചു. ഖാദർ കമ്മിറ്റി അംഗമായ സി. രാമകൃഷ്‌ണൻ 76 സിറ്റിങ്ങിന് 1,52,000 രൂപയും യാത്രാ ബത്തയിനത്തിൽ 16838 രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഖാദർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് 14,16,814 രൂപയാണ് ആകെ ചെലവായത്.

ഖാദർ കമ്മിറ്റി അംഗങ്ങളായ സി. രാ മകൃഷ്ണനെയും ജ്യോതിചൂഡനെയും റിപ്പോർട്ടിൻമേലുള്ള തുടർ നടപടികൾക്കായി കെ.ഇ.ആർ. പരിഷ്കരണത്തിനും നിയോഗിച്ചു. കോർ കമ്മിറ്റി അംഗങ്ങൾക്ക് സിറ്റിങ് ഒന്നിന് പ്രതിദിനം 2000 രൂപ യാത്രാബത്തയും നൽകിയിരുന്നു. ഈ ഇനത്തിൽ സി. രാമകൃഷ്ണന് 70907 രൂപ യാത്രാബത്തയായും 1,96,000 രൂപ സിറ്റിങ് ഫീസായും നൽകി. ജ്യോതിചൂഡനു 1,40,000 രൂപ സിറ്റിങ് ഫീസ് ഇനത്തിലും നൽകി. ഡോ. എം.എ.ഖാദർ സിറ്റിങ് ഫീസ് ആയി 1,38,000 രൂപയും യാത്രാബത്തയായി 67,508 രൂപയും കൈപ്പറ്റി. ഖാദർ കമ്മിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടി സി. രാമകൃഷ്ണൻ അധികമായി 6 സിറ്റിങ്ങിലും പങ്കെടുത്തിട്ടുണ്ട്.

സ്പെഷ്യൽ റൂൾ തയാറാക്കാനായി നിയമിച്ച വിദഗ്‌ധ സമിതിയിലെ അംഗമായും നിയമ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി ജി. ജ്യോതിചൂഡൻ പ്രവർത്തിച്ചിട്ടുണ്ട്. പല പദ്ധതികളിലും വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനു പകരം ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിൽ അധ്യാപകരെ നിയമിച്ചാൽ വൻ സാമ്പത്തിക ലാഭം ഉണ്ടാകുമായിരുന്നെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Downloads :

Leave a Reply