അഞ്ച് ഹെഡ്മാസ്റ്റർമാർ പ്രമോഷൻ വേണ്ടെന്ന് വെച്ചത് കാരണം സെലക്ട് ലിസ്റ്റിലെ എട്ട് ഹയർ സെക്കൻഡറി അധ്യാപകർക്ക് പ്രമോഷനില്ല

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനം

പട്ടികയിലെ എട്ടുപേർക്ക് നിയമനമില്ല ; അധ്യാപകർ നിയമപോരാട്ടത്തിന്

സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നിയമനത്തിന് തയ്യാറാക്കിയ പട്ടികയിലെ എട്ട് ഹയർ സെക്കൻഡറി അധ്യാപകർക്ക് നിയമനമില്ല. ഇതിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ഈ അധ്യാപകർ. അഞ്ച് ഹൈസ്കൂൾ പ്രഥമാധ്യാപകർ ഉദ്യോഗക്കയറ്റം താൽക്കാലികമായി വേണ്ടെന്നുവെച്ച സാഹചര്യത്തിൽ അനുപാതം തെറ്റുമെന്നതിനാലാണ് നടപടിയെന്നാണ് ഹയർ സെക്കൻഡറി അധികൃതരുടെ നിലപാട്.

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽമാരായി നിയമിക്കുന്നത് ഹയർ സെക്കൻഡറി അധ്യാപകരെയും ഹൈസ്കൂൾ പ്രഥമാധ്യാപകരെയുമാണ്. 2:1 അനുപാതത്തിലാണ് നിയമനം. 2024 -2025 അധ്യയനവർഷം പ്രിൻസിപ്പൽ നിയമനത്തിന് 154 പേരുടെ പട്ടികയാണ് സർക്കാർ തയ്യാറാക്കിയത്. 101 ഹയർ സെക്കൻഡറി അധ്യാപകരുടെയും 53 ഹൈസ്കൂൾ പ്രഥമാധ്യാപകരുടെയും പേരുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. പട്ടിക വകുപ്പുതല ഉദ്യോഗക്കയറ്റ കൗൺസിൽ അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു .

മാർച്ച് 27 വ്യാഴാഴ്ച പ്രസിദ്ധീകരിച്ച നിയമന ഉത്തരവിൽ 137 പേരെയാണ് പ്രിൻസിപ്പലായി നിയമിച്ചത്. 92 ഹയർ സെക്കൻഡറി അധ്യാപകർക്കും 45 ഹൈസ്കൂൾ പ്രഥമാധ്യാപകർക്കുമാണ് നിയമനം. പ്രഥമാധ്യാപകരുടെ പട്ടികയിലെ അഞ്ചുപേർ ഉദ്യോഗക്കയറ്റം താൽക്കാലികമായി വേണ്ടെന്നുവച്ചു. മൂന്നുപേർ ഉദ്യോഗക്കയറ്റത്തിലൂടെ മറ്റു തസ്തികകളിൽ പ്രവേശിച്ചു.

ഇതിന് ആനുപാതികമായി ഹയർ സെക്കൻഡറി അധ്യാപക പട്ടികയിൽനിന്ന് എട്ടുപേരെ ഒഴിവാക്കിയാണ് നിയമനം നടത്തിയത്. ഒരു ഹയർ സെക്കൻഡറി അധ്യാപകനും ജോലിക്കയറ്റം വേണ്ടെന്നുവെച്ചു.

അഞ്ച് ഹൈസ്കൂൾ പ്രഥമാധ്യാപകർ ഉദ്യോഗക്കയറ്റം വേണ്ടന്നുവെച്ചതോടെ 2:1 അനുപാതപ്രകാരം 10 ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രമോഷൻ നടത്താനാകാതെ വരും. എന്നാൽ എട്ടുപേരുടെ ഉദ്യോഗക്കയറ്റം മാത്രമേ തടഞ്ഞിട്ടുള്ളൂവെന്ന് ഹയർ സെക്കൻഡറി അധികൃതർ പറയുന്നു. പ്രഥമാധ്യാപകർ ഉദ്യോഗക്കയറ്റം വേണ്ടെന്നുവച്ചതിന് തങ്ങളുടെ ഉദ്യോഗക്കയറ്റം എന്തിന് തടഞ്ഞെന്നാണ് ഹയർ സെക്കൻഡറി അധ്യാപകരുടെ ചോദ്യം.

………………………………………………………………………………………………………………………

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനം

കാസർഗോഡ് ജില്ലയിൽ ഒഴിവ് 39 സ്‌കൂളുകളിൽ – നിയമിച്ചത് 21 ഇടത്ത് മാത്രം

സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനം നടത്തിയപ്പോൾ കാസർഗോഡ് ജില്ലയിൽ പ്രിൻസിപ്പൽ തസ്തിക ഒഴിവുള്ള 39-ൽ 21 സ്കൂളുകളിൽ മാത്രമാണ് നിയമനം നടത്തിയത്. കാസർഗോഡ് ജില്ലയിലെ 22 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ലാതെയാണ് അധ്യയനവർഷം ആരംഭിച്ചത്. 2024 ഡിസംബറിൽ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം അനുവദിച്ചപ്പോൾ ഒഴിവുകളുടെ എണ്ണം 22-ൽ നിന്ന് 39 ആയി ഉയർന്നു. മറ്റു ജില്ലക്കാരായ പ്രിൻസിപ്പൽമാർക്ക് മാതൃജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതാണ് ഒഴിവുകളുടെ എണ്ണം കൂടാൻ കാരണം.

മാർച്ച് 27 വ്യാഴാഴ്ച ഇറക്കിയ ഉത്തരവിൽ 21 പേരെയാണ് കാസർഗോഡ് ജില്ലയിൽ പ്രിൻസിപ്പൽമാരായി നിയമിച്ചത്. 11 ഹയർ സെക്കൻഡറി അധ്യാപകരും 10 ഹൈസ്കൂൾ പ്രഥമാധ്യാപകരും. 18 സ്കൂളുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചിട്ടില്ല. സംസ്ഥാനത്ത് 137 പേരെ പ്രിൻസിപ്പൽമാരായി നിയമിച്ചപ്പോൾ 135 പേർക്ക് ഏത് സ്കൂളുകളിലേക്കാണെന്ന് ഉത്തരവിലുണ്ട്. എന്നാൽ ജില്ലയിൽനിന്ന് പ്രമോഷൻ ലഭിച്ച ഓരോ കന്നഡ, അറബിക് അധ്യാപകർക്ക് ഏത് സ്കൂളിലേക്കാണെന്ന് പറഞ്ഞിട്ടില്ല. നിയമനം പിന്നീടെന്നാണ് ഉത്തരവിലുള്ളത്. അതാണ് 18 ഒഴിവുകൾ വരാൻ കാരണം.

ഒരു വർഷമായി ഇൻ ചാർജ് ഭരണമാണ് ഹയർ സെക്കൻഡറി സ്കൂളുകളിൽ നടക്കുന്നത്. ഇപ്പോൾ പ്രിൻസിപ്പൽമാരായ നാല് പ്രഥമാധ്യാപകർ മേയ് 31-ന് വിരമിക്കും. അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോൾ ജില്ലയിലെ 22 സ്കൂളിൽ പ്രിൻസിപ്പൽമാരില്ലാത്ത സ്ഥിതിയാകും. മറ്റു ജില്ലകളിൽ മുഴുവൻ ഒഴിവുകളിലും പ്രിൻസിപ്പൽ നിയമനം നടത്തിയപ്പോൾ ജില്ലയിലെ മൂന്നിലൊന്ന് സ്ഥാപനങ്ങളിൽ പ്രിൻസിപ്പൽമാരില്ല.

Downloads

Leave a Reply