പോസ്റ്റൽ വോട്ട് തപാലിൽ വരില്ല; വോട്ട് ചെയ്യാൻ പ്രത്യേക സെന്ററുകൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന് രണ്ടുതരം ക്രമീകരണം. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (വി.എഫ്.സി) സജ്ജമാക്കും. അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിൽ ചെന്ന് വോട്ട് ചെയ്യാൻ പോസ്റ്റൽ വോട്ടിങ് സെന്ററുകൾ (പി.വി.സി) ഒരുക്കും. വോട്ട് ചെയ്ത് തപാലിൽ അയക്കുന്ന രീതി ഇത്തവണയില്ല.
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ
പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് ഫോം 12-ൽ ഏപ്രിൽ രണ്ടു വരെ അപേക്ഷിക്കാം. വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷൻ സെന്റർ ഇലക്ഷൻ ഡ്യൂട്ടിയുള്ള നിയമസഭാ മണ്ഡലത്തിലായിരിക്കും. അവിടെത്തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും. 31 മുതൽ ഏപ്രിൽ എട്ടുവരെ വോട്ട് ചെയ്യാം. എല്ലാ നിയോജകമണ്ഡലങ്ങളിലും സെന്ററുണ്ടാവും. ബാലറ്റിലായിരിക്കും വോട്ട് രേഖപ്പെടുത്തേണ്ടത്. പോളിങ് ബൂത്തിലുണ്ടാകുന്ന എല്ലാ ക്രമീകരണങ്ങളും ഈ സെന്ററുകളിലുമുണ്ടാകും. വോട്ട് ചെയ്യാൻ വോട്ടർ ഐ.ഡി. കാർഡ്, ഇലക്ഷൻ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്ത ഉത്തരവ് എന്നിവ വേണം.
പോസ്റ്റൽ വോട്ടിങ് സെന്ററുകൾ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നോൺ പോളിങ് ഓഫീസർമാർക്ക് (പോലീസ്, ഡ്രൈവർമാർ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ) വോട്ട് ചെയ്യാൻ ജില്ലാ കേന്ദ്രത്തിൽ മാത്രമായിരിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുണ്ടാവുക. അവശ്യസേവന വിഭാഗത്തിൽപെട്ടവർക്ക് (ആബ്സന്റീ വോട്ടേഴ്സ് എസൻഷ്യൽ സർവീസ്) വോട്ടവകാശമുള്ള നിയോജകമണ്ഡലങ്ങളിൽ തന്നെ ഒരു പോസ്റ്റൽ വോട്ടിങ് സെന്റർ ഒരുക്കും. 31 മുതൽ ഏപ്രിൽ ആറുവരെ അവിടെച്ചെന്ന് വോട്ട് ചെയ്യാം. ബാലറ്റ് സ്ട്രോങ് റൂമിൽ സൂക്ഷിക്കും. പോലീസ്, എക്സൈസ്, അഗ്നിരക്ഷാസേന, റെയിൽവേ, കെ.എസ്.ആർ.ടി.സി., ബി.എസ്.എൻ.എൽ., കെ.എസ്.ഇ.ബി., പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് തുടങ്ങി 14 വിഭാഗങ്ങളിലെ ജീവനക്കാരാണ് അവശ്യസേവന വിഭാഗത്തിലുൾപ്പെടുന്നത്.